Football

സ്‌കലോണിയുടെ ഒരൊറ്റ വാട്‌സാപ്പ് മെസേജ് മാറ്റിയെഴുതിയത് മെസിയുടെ തലവര!!

‘ഹായ് ലിയോ, ഇത് സ്‌കലോണിയാണ്. എന്റൊപ്പം പബ്ലോയുമുണ്ട്. ഞങ്ങള്‍ക്ക് നിങ്ങളോട് സംസാരിക്കണം. 2018 ലോകകപ്പിലെ നിരാശകരമായ പ്രകടനത്തിനു ശേഷം അര്‍ജന്റീന ശോകമായ അവസ്ഥ. കോച്ചിംഗ് സ്റ്റാഫില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ലയണല്‍ മെസിയെന്ന ഇതിഹാസ താരം അര്‍ജന്റീനയ്ക്കായി ഇനി കളിക്കുമോയെന്ന് പോലും അറിയാത്ത അവസ്ഥ.

എല്ലാം ശൂന്യത്തില്‍ നില്‍ക്കുമ്പോഴാണ് ലയണല്‍ സ്‌കലോണിയെന്ന പഴയകാല സുഹൃത്ത് മെസിക്ക് മുകളില്‍ പറഞ്ഞ സന്ദേശം വാട്‌സാപ്പിലൂടെ അയയ്ക്കുന്നത്. തന്റെ അരങ്ങേറ്റം മുതല്‍ ഒരു സുഹൃത്തിനെ പോലെ ഒപ്പമുണ്ടായിരുന്ന സ്‌കലോണിയുടെ ആ സന്ദേശം തിരസ്‌കരിക്കാന്‍ മെസിക്ക് സാധിക്കുമായിരുന്നു. മെസിയും സ്‌കലോണിയും പിന്നീട് കണ്ടുമുട്ടി.

ഭാവിയെപ്പറ്റി ഇരുവരും സംസാരിച്ചു, ആ ചര്‍ച്ചയില്‍ നിറഞ്ഞു നിന്നതിലേറെയും അര്‍ജന്റീനയെന്ന വികാരം തന്നെയായിരുന്നുവെന്ന് സ്‌കലോണി പിന്നീട് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ഇനി ദേശീയ ടീമിനായി കളിക്കേണ്ടെന്ന തീരുമാനം മെസി പതിയെ മാറ്റി. അല്ല, സ്‌കലോണി ആ മനസിലേക്ക് അപൂര്‍ണമായി അവസാനിക്കേണ്ട കരിയറല്ലെന്ന ബോധ്യം നിറയ്ക്കുകയായിരുന്നു ചെയ്തത്.

ഇതിഹാസങ്ങള്‍ ഒരിക്കലും നിരാശയോടെ തങ്ങളുടെ ജോലി അവസാനിപ്പിക്കാറില്ലെന്ന് സ്‌കലോണി മെസിയുടെ മനസിലേക്ക് തീ പോലെ കോരിയിട്ടു. അര്‍ജന്റീന ടീമില്‍ തന്റെ പദ്ധതികള്‍ എന്തെല്ലാമാകുമെന്ന് കൃത്യതയോടെ വിശദീകരിച്ചു. പിന്നീട് നാലു വര്‍ഷം കൊണ്ട് ചരിത്രം പിറക്കുകയായിരുന്നു.

മെസിയെ മാത്രം ആശ്രയിച്ചു നിന്ന അര്‍ജന്റൈന്‍ ടീമിനെ സ്‌കലോണി പുതുക്കി പണിയുന്നതാണ് കണ്ടത്. അതിലേറെ ഏവരെയും അത്ഭുതപ്പെടുത്തിയത് ആ ടീമില്‍ മെസിയുടെ സ്വാധീനം തന്നെയാണ്. എതിരാളികളും കളിവിദഗ്ധരും നോക്കുമ്പോള്‍ മെസിയുടെ സ്വാധീനം എടുത്തു കാണിക്കില്ലെങ്കിലും മെസിയെന്ന ജിന്ന് ഓരോ നീക്കങ്ങളിലും നിറഞ്ഞു നില്‍ക്കുകയും ചെയ്തു.

അര്‍ജന്റീന ഡ്രസിംഗ് റൂമില്‍ സ്‌കലോണി കൊണ്ടു വന്ന ഊര്‍ജ്ജം വളരെ വലുതായിരുന്നു. മെസിക്ക് മടുക്കുവോളം താന്‍ അദേഹത്തെ ഒരു കളിയിലും പിന്‍വലിക്കില്ലെന്ന് പരസ്യമായി പറഞ്ഞു. മെസിയെന്ന തലവന്റെ പിന്നില്‍ അണിനിരക്കാന്‍ മറ്റ് താരങ്ങള്‍ക്ക് കൃത്യമായ വഴിയൊരുക്കി. മെസി തന്റെ ഉത്തരവാദിത്വം കൃത്യമായി പാലിച്ചതിനൊപ്പം സഹതാരങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്തു.

‘സ്‌കലോണി നല്ല മനുഷ്യനാണ്. എന്നാല്‍, ഒരു ട്രാഫിക് നിയന്ത്രിച്ചുപോലും അയാള്‍ക്ക് പരിചയമില്ല. അങ്ങനെയൊരാളുടെ കൈകളിലേക്ക് നമ്മളെങ്ങനെയാണ് നമ്മുടെ ദേശീയ ടീമിനെ ഏല്‍പിക്കുക? നമ്മള്‍ക്കെല്ലാവര്‍ക്കും ഭ്രാന്തായോ?’- 2018ല്‍ ജോര്‍ജ് സാംപോളിയുടെ പകരക്കാരനായി ലയണല്‍ സ്‌കലോണിയെന്ന 40കാരനെ നിയമിക്കുമ്പോള്‍ ഡീഗോ മറഡോണ ഉന്നയിച്ച വിമര്‍ശനമിതായിരുന്നു.

ഡീഗോ മാത്രമല്ല, അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗങ്ങളും മുന്‍താരങ്ങളും നാട്ടുകാരും മാധ്യമങ്ങളുമെല്ലാം അന്ന് ആ തീരുമാനത്തെ വിമര്‍ശിച്ചു. എന്നാല്‍, നാലു വര്‍ഷത്തിനിപ്പുറം ദേശീയ ടീമിന്റെ കൈപിടിച്ച് ലോകകപ്പ് ഫൈനല്‍ മുറ്റത്തേക്ക് സ്‌കലോണിയെത്തുമ്പോള്‍ ആ നാട് ഇതുവരെ വിളിച്ചതെല്ലാം തിരുത്തുന്നു. അതേ അവര്‍ ചരിത്രം രചിച്ചിരിക്കുന്നു.

Related Articles

Back to top button