Football

കിംഗ് മെസി!! അര്‍ജന്റൈന്‍ വീരോതിഹാസം!! കാവ്യനീതി!!

ഫുട്‌ബോള്‍ ദൈവങ്ങള്‍ക്ക് നന്ദി. നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫിഫ ലോകകിരീടം അര്‍ജന്റൈന്‍ മണ്ണിലേക്ക്. ആകാശവും ഭൂമിയും ആര്‍പ്പുവിളികളുമായി ഖത്തറിലേക്ക് ചുരുങ്ങിയ രാത്രിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ വീഴ്ത്തി ലയണല്‍ മെസിക്കും സംഘത്തിനും ഈ നൂറ്റാണ്ടിലെ ആദ്യ ലോകകിരീടം. 3-3 ന് എക്‌സ്ട്രാ ടൈമും പൂര്‍ത്തിയാക്കിയ ശേഷമാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റൈന്‍ കിരീടധാരണം.

കളിയുടെ തുടക്കം മുതല്‍ ഫ്രാന്‍സിന്റെ തന്ത്രങ്ങളെയും മുന്നേറ്റങ്ങളെയും കൃത്യമായി തകര്‍ത്തൊട്ടിച്ചാണ് ലയണല്‍ സ്‌കലോണിയുടെ ശിഷ്യന്മാര്‍ കിരീടത്തില്‍ മുത്തമിടുന്നത്. ആദ്യത്തെ പെനാല്‍റ്റിയില്‍ നിന്ന് മുന്നിലെത്തിയിട്ടും കളിയുടെ ശൈലിക്ക് ഒരു മാറ്റവും വരുത്താതെ കടന്നാക്രമിച്ചതാണ് അര്‍ജന്റീനയ്ക്ക് ഫൈനലില്‍ ഉടനീളം ആധിപത്യം നല്‍കിയത്.

കളിയുടെ അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രന്‍ ലോങ്റേഞ്ചര്‍ ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് കൈയ്യിലാക്കി. ഒന്‍പതാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ അര്‍ജന്റീന നേടിയെടുത്തു. പക്ഷേ അത് ഗോളവസരമാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.

പതിനേഴാം മിനിറ്റില്‍ മെസി നല്‍കിയ പാസ് സ്വീകരിച്ച എയ്ഞ്ജല്‍ ഡി മരിയയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 20-ാം മിനിറ്റില്‍ ഫ്രാന്‍സിന് സുവര്‍ണാവസരം ലഭിച്ചു.

തൊട്ടടുത്ത മിനിറ്റില്‍ ബോക്സിനകത്തേക്ക് കുതിച്ച എയ്ഞ്ചല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെ തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത അര്‍ജന്റീന നായകന് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കബിളിപ്പിച്ചുകൊണ്ട് മെസി പോസ്റ്റിന്റെ വലതുവശത്തേക്ക് പന്ത് അടിച്ചുകയറ്റിയപ്പോള്‍ ലുസെയ്ല്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചു.

ഫ്രാന്‍സിനെതിരേ ഒരു ഗോള്‍ ലീഡ് ജയത്തിന് സഹായിക്കില്ലെന്ന തിരിച്ചറിവ് മെസിക്കും സംഘത്തിനും ഉണ്ടായിരുന്നു. അവര്‍ വീണ്ടും വീണ്ടും കടന്നാക്രമണം നടത്തിക്കൊണ്ടിരുന്നു. അതിന് ഫലം 36-ാം മിനിറ്റില്‍ കിട്ടി. ഡി മരിയയാണ് ഇത്തവണ ടീമിനായി ഗോളടിച്ചത്.

മെസി തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മെസി മറിച്ചുനല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് പന്ത് മാക് അലിസ്റ്റര്‍ക്ക് നല്‍കി. മാക് അലിസ്റ്റര്‍ പന്തുമായി അതിവേഗം മുന്നേറി. ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് മാക് അലിസ്റ്റര്‍ മുന്നേറുകയും പന്ത് ഡി മരിയയ്ക്ക് നല്‍കുകയും ചെയ്തു. ഗോള്‍കീപ്പര്‍ ലോറിസ് മാത്രമാണ് അപ്പോള്‍ പോസ്റ്റിലുണ്ടായിരുന്നത്. ലോറിസിനെ കാഴ്ചക്കാരനാക്കി ഡി മരിയ ഗോള്‍വലയില്‍ പന്തെത്തിച്ചു.

രണ്ടു ഗോള്‍ ലീഡോടെ രണ്ടാം പകുതി തുടങ്ങിയ മെസിയും സംഘവും നിര്‍ത്താന്‍ ഉദേശമുണ്ടായിരുന്നില്ല. കളി സമനിലയിലെന്ന പോലെ അര്‍ജന്റൈന്‍ മുന്നേറ്റനിര കടന്നാക്രമണം നടത്തി. മറുവശത്ത് വമ്പുമായെത്തിയ അന്റോണിയോ ഗ്രീസ്മാനുമൊന്നും കാര്യമായ ചലനമുണ്ടാക്കിയില്ല. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ എംബാപ്പെ രണ്ട് തവണ ലക്ഷ്യം കണ്ടതോടെ കളി അധികസമയവും കടന്ന് എക്‌സ്ട്രാ ടൈമിലേക്ക്.

എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ മെസിയുടെ മാജിക് ഗോളിലൂടെ അര്‍ജന്റീനയുടെ മുന്നേറ്റം. എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ പെനാല്‍റ്റിയിലൂടെ എംബാപ്പെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിച്ചു.

Related Articles

Back to top button