Football

ഹെയര്‍ സ്‌റ്റൈലിസ്റ്റ് പറന്നെത്തി; നെയ്മര്‍ക്ക് ‘ഭാഗ്യം’ തിരിച്ചുകിട്ടി!

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ തലമുടിയുടെ ഡിസൈനും ചില വിശ്വാസങ്ങളുമെല്ലാം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുള്ളതാണ്. ദക്ഷിണ കൊറിയയ്‌ക്കെതിരായ മല്‍സരത്തിനു മുമ്പ് തന്റെ ഹെയര്‍ സ്റ്റൈലിസ്റ്റിനെ പാരീസില്‍ നിന്നും ദോഹയില്‍ എത്തിച്ചാണ് നെയ്മര്‍ പരിക്കിനു ശേഷമുള്ള തിരിച്ചുവരവ് നടത്തിയത്. കൊറിയയ്‌ക്കെതിരേ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി താരം തിരിച്ചുവരവ് ആഘോഷിക്കുകയും ചെയ്തു.

കഴിഞ്ഞ ജൂണില്‍ കൊറിയയ്‌ക്കെതിരേ ബ്രസീല്‍ കളിച്ചപ്പോള്‍ നെയ്മര്‍ രണ്ട് ഗോളുകള്‍ നേടിയിരുന്നു. അന്ന് 5-1നായിരുന്നു ബ്രസീലിന്റെ ജയം. അന്നത്തെ മല്‍സരത്തിലെ സമാന ഹെയര്‍ സ്‌റ്റൈലുമായിട്ടാണ് നെയ്മര്‍ കൊറിയയ്‌ക്കെതിരേ ഇന്നലെ കളിക്കാനിറങ്ങിയത്.

ഈ മല്‍സരത്തിനു വേണ്ടി പ്രിയ ഹെയര്‍ സ്റ്റൈലിസ്റ്റിനെ നെയ്മര്‍ ഫ്രാന്‍സില്‍ നിന്നും വരുത്തിക്കുകയായിരുന്നു. മുടിയില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന താരം കൂടിയാണ് നെയ്മര്‍. ഓരോ സമയത്തും വ്യത്യസ്ത തരം സ്‌റ്റൈലുകളാണ് നെയ്മര്‍ തലയില്‍ പരീക്ഷിക്കുക.

അതേസമയം, നെയ്മര്‍ ഗോളുകളുടെ റിക്കാര്‍ഡുകളില്‍ ഇതിഹാസ താരം പെലെയ്ക്കു തൊട്ടുപിന്നില്‍ എത്തുന്നതിനും കൊറിയയ്‌ക്കെതിരായ മല്‍സരം സാക്ഷ്യം വഹിച്ചു. പെലെ 77 ഗോളുകള്‍ ബ്രസീല്‍ ജേഴ്‌സിയില്‍ നേടിയപ്പോള്‍ നെയ്മറുടെ സമ്പാദ്യം 76 ഗോളുകളാണ്. 3 വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ ബ്രസീല്‍ താരമെന്ന റിക്കാര്‍ഡും നെയ്മറെ തേടിയെത്തി.

ഈ ലോകകപ്പില്‍ ഇതുവരെ 7 ഗോളുകളാണ് ബ്രസീല്‍ അടിച്ചു കൂട്ടിയത്. വഴങ്ങിയതാകട്ടെ രണ്ട് ഗോളുകളും. കാമറൂണും ഇന്നലെ ദക്ഷിണ കൊറിയയും മാത്രമാണ് ബ്രസീലിനെതിരേ ഇത്തവണ ഗോള്‍ സ്‌കോര്‍ ചെയ്തത്. ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍ ക്രൊയേഷ്യയാണ്. വെള്ളിയാഴ്ച്ച രാത്രി 9.30നാണ് മല്‍സരം.

Related Articles

Back to top button