Football

ബ്രസീല്‍ ഫാന്‍സിനെതിരേ ആഞ്ഞടിച്ച് റാഫിന; കാരണം നെയ്മര്‍ വിഷയം!

സെര്‍ബിയയ്‌ക്കെതിരായ മല്‍സരത്തില്‍ തകര്‍ത്തു വാരി ജയിച്ചെങ്കിലും നെയ്മര്‍ക്ക് പരിക്കേറ്റത് ബ്രസീലിന് വലിയ തിരിച്ചടിയായിരുന്നു. നിലവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് പ്രാഥമിക റൗണ്ടില്‍ നെയ്മര്‍ ഇനി കളിക്കാനുള്ള സാധ്യതകള്‍ വിരളമാണ്. പ്രീക്വാര്‍ട്ടര്‍ ഏകദേശം ഉറപ്പാണെന്നിരിക്കെ നെയ്മറെ കളിപ്പിച്ച് റിസ്‌ക്കെടുക്കാന്‍ ടീം മാനേജ്‌മെന്റിന് താല്‍പര്യവുമില്ല.

ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. നെയ്മറിന്റെ സഹതാരം റാഫിന ബ്രസീല്‍ ആരാധകര്‍ക്കെതിരേ രംഗത്തു വന്നുവെന്നതാണ് ആ പ്രധാനവാര്‍ത്ത. നെയ്മറെ പോലൊരു താരത്തെ ബ്രസീല്‍ അര്‍ഹിക്കുന്നില്ലെന്നാണ് റാഫിനയുടെ വാദം. പരിക്കിനെ തുടര്‍ന്ന് തന്റെ സങ്കടം നെയ്മര്‍ സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് നെയ്മറെ പിന്തുണച്ചും ആരാധകരെ വിമര്‍ശിച്ചും രംഗത്തു വന്നിരുന്നു.

ഇനിയൊരു ജന്മം ദൈവം അനുവദിക്കുകയാണെങ്കില്‍ ബ്രസീലില്‍ തന്നെ ജനിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നെയ്മര്‍ വൈകാരികമായ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റാഫിന ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ആരാധകര്‍ക്കെതിരേ രംഗത്തു വന്നത്. നെയ്മറോടുള്ള സ്‌നേഹവും ആരാധകരുടെ രീതിക്കെതിരേ വിമര്‍ശനവുമാണ് പോസ്റ്റില്‍ നിറഞ്ഞു നിന്നത്.

ഒരു ദൈവത്തെ പോലെയാണ് അര്‍ജന്റീനക്കാര്‍ മെസിയെ കണക്കാക്കുന്നത്. ഒരു രാജാവിന് കിട്ടേണ്ട പരിഗണന പോര്‍ച്ചുഗല്‍ ആരാധകര്‍ റൊണാള്‍ഡോയ്ക്ക് നല്‍കുന്നു. എന്നാല്‍ ബ്രസീല്‍ ഫാന്‍സ് നെയ്മറിന്റെ കാലിന് പരിക്കു പറ്റാന്‍ പ്രോത്സാഹിപ്പിക്കുന്നു. നെയ്മറിന്റെ കരിയറിലെ ഏറ്റവും വലിയ തെറ്റ് ബ്രസീലില്‍ ജനിച്ചുവെന്നതാണ്. ഇത്തരമൊരു രാജ്യം വലിയൊരു പ്രതിഭയെ അര്‍ഹിക്കുന്നില്ലെന്നും റാഫിന പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഏതു സാഹചര്യത്തിലാണ് റാഫിന ഇത്തരം ഒരു പരാമര്‍ശനം നടത്താന്‍ കാരണമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. തനിക്ക് ബ്രസീല്‍ ആരാധകരില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന നെയ്മര്‍ക്ക് ചിലപ്പോള്‍ തോന്നിയതാകാം റാഫിനയുടെ കുറിപ്പിലൂടെ പുറത്തു വന്നത്. അതേസമയം ലോകകപ്പ് സമയത്ത് റാഫിനയുടെ ഈ പ്രതികരണത്തില്‍ ആരാധകര്‍ക്കും അമ്പരപ്പുണ്ട്.

 

Related Articles

Back to top button