Football

കളിക്കിടെ റൊണാള്‍ഡോയെ കൊറിയന്‍ താരം അപമാനിച്ചു; വെളിപ്പെടുത്തലുമായി റോണോ!

ദക്ഷിണ കൊറിയയ്‌ക്കെതിരായ മല്‍സരത്തിനിടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അപമാനിക്കപ്പെട്ടതായി പോര്‍ച്ചുഗല്‍ പരിശീലകന്റെ ആരോപണം. കൊറിയയ്‌ക്കെതിരായ 2-1 തോല്‍വിക്കു പിന്നാലെയാണ് കോച്ച് കൊറിയന്‍ താരത്തിനെതിരേ രംഗത്തു വന്നത്. റോണോയെ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് കൊറിയന്‍ താരം ചോ ഗു സംഗ് അപമാനകരമായ വാക്കുകളുമായി എത്തിയതെന്നാണ് കോച്ചിന്റെ വെളിപ്പെടുത്തല്‍.

റൊണാള്‍ഡോയെ കോച്ച് ഇടയ്ക്കുവച്ച് പിന്‍വലിച്ചിരുന്നു. പിന്നാലെ സൈഡ് ബെഞ്ചിലെത്തിയ റോണോ അനിഷ്ടം പ്രകടിപ്പിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. പലരും വിചാരിച്ചിരുന്നത് ഇടയ്ക്കു വച്ച് നേരത്തെ പിന്‍വലിച്ചതിന്റെ രോഷമാണ് റൊണാള്‍ഡോയ്ക്ക് എന്നായിരുന്നു. എന്നാല്‍ കോച്ചിന്റെ വെളിപ്പെടുത്തലോടെയാണ് കാര്യങ്ങള്‍ വെളിപ്പെട്ടത്.

റൊണാള്‍ഡോയെ പിന്‍വലിച്ച ശേഷം താരം പതിയെ മൈതാനം വിട്ടതാണ് ദക്ഷിണ കൊറിയന്‍ താരത്തെ പ്രകോപിപ്പിച്ചത്. ജയം അനിവാര്യമായിരുന്ന കൊറിയയ്ക്ക് സമയം നഷ്ടമാകുന്നത് തിരിച്ചടിയാകുമായിരുന്നു. ഇതോടെയാണ് വേഗം സ്ഥലം വിടാന്‍ റോണോയോട് ആവശ്യപ്പെട്ടത്. ഇതോടെ റൊണാള്‍ഡോയും തിരിച്ചടിച്ചു. അത്തരത്തില്‍ ആവശ്യപ്പെടാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നായിരുന്നു പോര്‍ച്ചുഗല്‍ നായകന്റെ മറുപടി.

റൊണാള്‍ഡോയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തന്നോട് പെട്ടെന്ന് ഗ്രൗണ്ടില്‍ നിന്നും പോകാന്‍ കൊറിയന്‍ താരം ആവശ്യപ്പെട്ടെന്ന് റോണോ പോര്‍ച്ചുഗല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നോട് ആജ്ഞാപിക്കാന്‍ അയാള്‍ക്ക് (കൊറിയന്‍ താരത്തിന്) അവകാശമില്ല. അയാളോട് വായടയ്ക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. കോച്ചുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

അതേസമയം വിഷയത്തില് കാര്യമായ പ്രതികരണം നടത്താന്‍ പത്രസമ്മേളനത്തിനെത്തിയ കൊറിയന്‍ താരം ഹാംഗ് ഇന്‍ ബിയോം തയാറായില്ല. താന്‍ സംഭവം കണ്ടില്ലെന്നും അതുകൊണ്ട് തന്നെ വിവാദത്തോട് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചതോടെയാണ് കൊറിയ പ്രീക്വാര്‍ട്ടറിന് യോഗ്യത നേടിയത്.

Related Articles

Back to top button