Football

ക്രെഡിറ്റ് സൗദിയുടെ അത്ഭുത കോച്ചിനും; മെസിപ്പടയെ വീഴ്ത്തിയ റെനാര്‍ഡ് ആള് പുപ്പുലി!!

സൗദി അറേബ്യ അതിശക്തരായ അര്‍ജന്റീനയെ വീഴ്ത്തിയപ്പോള്‍ ഏവരും തിരഞ്ഞത് വെള്ള ഷര്‍ട്ടുമിട്ട് സൈഡ് ലൈനില്‍ കൂസലില്ലാതെ നിന്ന ക്ലീന്‍ ഷേവുകാരനെയായിരുന്നു. അതേ, സൗദിയുടെ വണ്ടര്‍ കോച്ച് ഹെര്‍വേ റെനാര്‍ഡ് എന്ന ഫ്രഞ്ച് പരിശീലകനെ തന്നെ. കുഞ്ഞന്‍ ടീമുകളെ വച്ച് അത്ഭുതങ്ങള്‍ നടത്തുന്നത് സ്ഥിരം ജോലിയാക്കിയിരിക്കുകയാണ് ഈ മിസ്റ്റര്‍ ക്ലീന്‍!.

ഫ്രാന്‍സില്‍ കോച്ചിംഗ് കരിയര്‍ തുടങ്ങിയ റെനാര്‍ഡിന്റെ തുടക്കം അത്ര മെച്ചമായിരുന്നു. ക്ലബ് ഫുട്‌ബേളില്‍ സമ്മിശ്ര ഫലമാണ് അദേഹം നേടിക്കൊടുത്തത്. ചില ക്ലബുകള്‍ അദേഹത്തെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ ദേശീയ ടീമുകള്‍ക്കൊപ്പം മറ്റൊരു റെനാര്‍ഡിനെയാണ് ഫുട്‌ബോള്‍ ലോകം കണ്ടത്. രണ്ട് ആഫ്രിക്കന്‍ ടീമുകള്‍ക്കൊപ്പം കിരീടം ചൂടിയ ഒരേയൊരു പരിശീലകനാണ് ഈ 54കാരന്‍.

സാംബിയയ്‌ക്കൊപ്പം 2012 ലും പിന്നീട് ഐവറികോസ്റ്റിനൊപ്പവും. ഈ രണ്ട് സന്ദര്‍ഭങ്ങളിലും റെനാര്‍ഡിന്റെ മികവാണ് ടീമുകളെ കിരീടം ചൂടിച്ചതില്‍ നിര്‍ണായകമായത്. 2016 ല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന കോച്ചായിരുന്നു ഈ ഫ്രഞ്ചുകാരന്‍.

മൊറോക്കോയെ 20 വര്‍ഷത്തിനുശേഷം ലോകകപ്പിന് യോഗ്യത നേടിക്കൊടുത്താണ് തന്റെ ഹൈ പ്രൊഫൈല്‍ അദേഹം കാത്തു സൂക്ഷിച്ചത്. 2018 ലോകകപ്പില്‍ സ്‌പെയിനിനെ 2-2ന് സമനിലയില്‍ കുരുക്കി മൊറോക്കെ ഞെട്ടിക്കുകയും ചെയ്തു.

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കുമനോവിച്ചിനെ പോലെ വെളുത്ത ഷര്‍ട്ടണിഞ്ഞാണ് അദേഹം മല്‍സര ദിവസം ഗ്രൗണ്ടിലെത്തുക. വെളുത്ത ഷര്‍ട്ടിന്റെ മുന്‍വശത്തെ ബട്ടണുകള്‍ ഇടാതെയുള്ള റെനാര്‍ഡിന്റെ നില്‍പ്പ് അദേഹത്തിന് വലിയ ആരാധകവൃന്ദത്തെയും നേടിക്കൊടുത്തു. വെളുത്ത ഷര്‍ട്ട് അണിഞ്ഞ് ഗ്രൗണ്ടിലെത്തി തുടങ്ങിയ കഥയും അദേഹം വിവരിക്കുന്നുണ്ട്.

2010ല്‍ സാംബിയയെ പരിശീലിപ്പിക്കുന്ന സമയത്ത് കാമറൂണിനെതിരായ ഒരു മല്‍സരത്തില്‍ നീല ഷര്‍ട്ടണിഞ്ഞ് മല്‍സരത്തിനെത്തി. എന്നാല്‍ അന്ന് കളി തോറ്റു. തൊട്ടടുത്ത മല്‍സരത്തില്‍ വെള്ള ഷര്‍ട്ട് ധരിച്ചാണ് എത്തിയത്. അന്ന് കളി ജയിക്കുകയും ഗ്രൂപ്പ് ചാമ്പ്യന്മാരാകുകയും ചെയ്തു. പിന്നീട് സ്ഥിരമായി വെളുത്ത ഷര്‍ട്ട് ധരിച്ച് തുടങ്ങിയതായി കോച്ച് റെനാര്‍ഡ് വെളിപ്പെടുത്തുന്നു.

Related Articles

Back to top button