Football

ആറ് യൂറോ ടീമിന് ഒരു ജൂഡ് ബെല്ലിംഗ്ഹം! ആറ് യൂറോ ടീമിനേക്കാള്‍ വിലയുണ്ട് ഇംഗ്ലീഷ് താരത്തിന്!

യുവേഫ യൂറോ കപ്പ് 2024 ഫുട്ബോളില്‍ ഏറ്റവും മൂല്യമുള്ള കളിക്കാര്‍ ആരാണ്…? പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ, ഇംഗ്ലണ്ടിന്റെ ഫില്‍ ഫോഡന്‍… ഇവര്‍ ആരുമല്ല, ഇംഗ്ലീഷ് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിംഗ്ഹം ആണെന്നതാണ് വാസ്തവം.

153 മില്യണ്‍ പൗണ്ട് (ഏകദേശം 1370 കോടി രൂപയില്‍ അധികം) ആണ് ബെല്ലിംഗ്ഹമിന്റെ മൂല്യം. സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിനുവേണ്ടിയാണ് ഈ ഇംഗ്ലീഷ് താരം കളിക്കുന്നത്. ഇംഗ്ലണ്ടിന്റെ ബുക്കായൊ സാക്ക, ഫില്‍ ഫോഡന്‍, ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ എന്നിങ്ങനെയാണ് യൂറോ 2024ല്‍ എത്തിയിരിക്കുന്ന മൂല്യമേറിയ താരങ്ങളുടെ തുടര്‍ന്നുള്ള പട്ടിക.

20കാരനായ ബെല്ലിംഗ്ഹമിന്റെ മൂല്യംകൊണ്ട് യൂറോ 2024 എത്തിയിരിക്കുന്ന ആറ് ടീമിനെ വിലയ്ക്ക് എടുക്കാം എന്നതാണ് രസകരം. അതായത് യൂറോ കപ്പ് പോരാട്ടത്തിന് എത്തിയിരിക്കുന്ന ആറ് ടീമുകളുടെ മുഴുവന്‍ കളിക്കാരുടെയും മൂല്യം ചേര്‍ത്താല്‍ മാത്രമേ ബെല്ലിംഗ്ഹമിന്റെ ഒപ്പം എത്തൂ.

കഴിഞ്ഞ വേനല്‍ക്കാല ട്രാന്‍സ്ഫറിലൂടെയാണ് ബെല്ലിംഗ്ഹം ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് വിട്ട് റയല്‍ മാഡ്രിഡില്‍ എത്തിയത്. 88.5 മില്യണ്‍ യൂറോ മാത്രമായിരുന്നു അന്ന് താരത്തിന്റെ മൂല്യം.

2023-24 സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്്കുകയും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള ബാലന്‍ ഡി ഓര്‍ സ്വന്തമാക്കാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുകയും ചെയ്തതോടെയാണ് ബെല്ലിംഗ്ഹമിന്റെ മൂല്യം ലോകത്തില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. 2023-24 സീസണില്‍ റയല്‍ മാഡ്രിഡിനുവേണ്ടി 23 ഗോളും 12 അസിസ്റ്റും ബെല്ലിംഗ്ഹം നടത്തിയിരുന്നു.

റൊമാനിയ, അല്‍ബേനിയ, സ്ലോവാക്യ, സ്ലോവേനിയ, ജോര്‍ജിയ, ഹംഗറി ടീമുകളുടെ ആകെയുള്ള മൂല്യം ജൂഡ് ബെല്ലിംഗ്ഹമിന് മാത്രമുണ്ടെന്നാണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍നിന്നുള്ള വിവരം. മാത്രമല്ല, യൂറോ 2024ന് എത്തിയിരിക്കുന്നതില്‍ ഏറ്റവും മൂല്യമേറിയ സംഘം ഇംഗ്ലണ്ടിന്റേതാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button