Football

വില്‍ക്കാത്ത ബിയര്‍ മുഴുവന്‍ കപ്പടിക്കുന്നവര്‍ക്ക്; ഫിഫയോടുള്ള ദേഷ്യം തീര്‍ത്ത് ബിയര്‍ കമ്പനി!

ഇത്തവണത്തെ ഫിഫ ലോകകപ്പ് ആരു ജയിച്ചാലും അവര്‍ നാട്ടിലേക്ക് പോകുമ്പോള്‍ വലിയ കൊറിയര്‍ വിമാനമോ ചരക്കു കപ്പലോ വിളിക്കേണ്ടി വരും. മറ്റൊന്നിനുമില്ല, ലോകകപ്പിന്റെ ഔദ്യോഗിക ബിയര്‍ സ്‌പോണ്‍സര്‍മാരായ ബട്‌വൈസര്‍ ലോഡ് കണക്കിന് ബിയര്‍ കൊണ്ടു പോകാന്‍. ലോകകപ്പ് വേദികളില്‍ വില്‍ക്കാന്‍ കമ്പനി ബിയര്‍ കൂമ്പാരം തന്നെ ഖത്തറില്‍ എത്തിച്ചിരുന്നു.

അവസാന നിമിഷം പക്ഷേ ഫിഫ ചതിച്ചു. ഖത്തറിന്റെ സമ്മര്‍ദത്തിന്റെ പുറത്ത് സ്റ്റേഡിയത്തിലെ ബിയര്‍ വില്‍പന നിരോധിച്ചു. ഇതോടെ ബട്‌വൈസര്‍ കമ്പനി കൊണ്ടുവന്ന ബിയര്‍ മുഴുവന്‍ വില്‍ക്കാതെ തിരികെ കൊണ്ടു പോകേണ്ട അവസ്ഥയിലായിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥയിലാണ് ചാമ്പ്യന്മാരാകുന്ന ടീമിന് ബിയറെല്ലാം നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. ഇത് അവര്‍ പരസ്യമായി ട്വീറ്റ് ചെയ്യുകയും ചെയ്തു.

കരാറിന് വിരുദ്ധമായി ബിയര്‍ വില്‍പന തടഞ്ഞതിന് നഷ്ടപരിഹാരം വാങ്ങാനുള്ള ഒരുക്കത്തിലാണ് ബിയര്‍ കമ്പനി. 70 മില്യണ്‍ ഡോളര്‍ തങ്ങള്‍ക്ക് നല്‍കുകയോ അല്ലെങ്കില്‍ 2026 ലോകകപ്പിലെ കരാറില്‍ ഈ തുക കുറവു ചെയ്യുകയോ വേണമെന്നാണ് കമ്പനിയുടെ ആവശ്യം.

കടലില്‍ കൂടി 13,000 കിലോമീറ്റര്‍ യാത്ര ചെയ്താണ് ബ്രിട്ടനില്‍ നിന്ന് കമ്പനി ലോഡു കണക്കിന് ബിയര്‍ ഖത്തറില്‍ എത്തിച്ചത്. ബെല്‍ജിയം ആസ്ഥാനമായ കമ്പനിയുടേതാണ് ബട്‌വൈസര്‍ ബിയര്‍. ലോകകപ്പില്‍ ആല്‍ക്കഹോള്‍ ഇല്ലാത്ത ബിയര്‍ വില്‍ക്കാന്‍ അനുമതിയുണ്ട്. പക്ഷേ അതിനു വലിയ ഡിമാന്റ് ഇല്ലെന്നു മാത്രം.

ലോകകപ്പ് മല്‍സരത്തിനിടെ ബിയറിനായി പ്ലക്കാര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ബിയര്‍ ഇല്ലാത്ത ലോകകപ്പ് ലോകകപ്പല്ലെന്ന നിലപാടിലാണ് ആരാധകര്‍. പ്രത്യേകിച്ച് യൂറോപ്പില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നുമുള്ള ഫാന്‍സ്.

Related Articles

Back to top button