Football

സ്വന്തം ടീം കളിക്കാതിരുന്നിട്ടും സ്റ്റേഡിയത്തില്‍ കൈയടി നേടി ജപ്പാന്‍ ആരാധകര്‍!

ജപ്പാന്‍ ആരാധകര്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഫുട്‌ബോള്‍ ആരാധകക്കൂട്ടമാണ്. തങ്ങളുടെ ടീമിനെ പിന്തുണയ്ക്കുന്നതിനൊപ്പം കളി കാണാനെത്തുന്ന സ്റ്റേഡിയത്തെ കൂടെ പരിപാലിക്കുന്നതാണ് ജപ്പാനീസ് സംസ്‌കാരം. ഖത്തറും ഇക്വഡോറും ഏറ്റുമുട്ടിയ ഉദ്ഘാടന മല്‍സരത്തിലെ ജപ്പാന്‍ ആരാധകരുടെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ വൈറല്‍.

മല്‍സരം അവസാനിച്ച ശേഷം ഗ്യാലറിയിലെ മാലിന്യം മുഴുവന്‍ വൃത്തിയാക്കിയ ശേഷമാണ് സമുറായീസ് എന്ന ആരാധകക്കൂട്ടം സ്‌റ്റേഡിയം വിട്ടത്. ഒരു ഖത്തര്‍ വ്‌ലോഗറാണ് ഈ ദൃശ്യങ്ങള്‍ ലോകത്തെ അറിയിച്ചത്. വീഡിയോയില്‍ വ്‌ലോഗര്‍ ജപ്പാനീസ് ആരാധകരോട് നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നുണ്ട്.

ഞങ്ങള്‍ ജപ്പാനീസ് ആരാധകരാണ്. ഞങ്ങള്‍ക്ക് മുന്നിലുള്ളത് മോശമാക്കിയിട്ട് ഞങ്ങള്‍ മടങ്ങാറില്ലെന്നാണ് ആരാധകര്‍ പറഞ്ഞത്. ജപ്പാനീസ് ആരാധകരുടെ ഈ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ കൈയടിക്ക് കാരണമായിട്ടുണ്ട്.

കളി കാണാനെത്തിയ ആരാധകര്‍ ഉപേക്ഷിച്ച പതാകകളും പ്ലക്കാര്‍ഡുകളുമെല്ലാം എടുത്ത് മാലിന്യ കേന്ദ്രത്തില്‍ തള്ളിയ ശേഷമാണ് ജപ്പാനീസ് ആരാധകരെല്ലാം മടങ്ങിയത്. നിരവധി പേരാണ് ജപ്പാന്‍ ടീമിനൊപ്പം ഖത്തറിലും എത്തിയിട്ടുള്ളത്.

ശക്തരായ ജര്‍മനി, സ്‌പെയ്ന്‍, കോസ്റ്ററിക്ക ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ഇത്തവണ ജപ്പാന്റെ സ്ഥാനം. ഏഷ്യന്‍ ടീമുകളില്‍ ആരെങ്കിലും രണ്ടാം റൗണ്ടില്‍ കയറിയാല്‍ അത് ജപ്പാനാകുമെന്ന നിരീക്ഷണമാണ് കളി വിദഗ്ധര്‍ക്കുള്ളത്.

Related Articles

Back to top button