Cricket

ട്വന്റി-20 ലോകകപ്പ് അടിമുടി മാറുന്നു; പുതിയ ടീമുകള്‍, പുതിയ ഫോര്‍മാറ്റ്!

അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി 2024 ല്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ ഫോര്‍മാറ്റ് പുറത്തുവിട്ട് ഐസിസി. അടുത്ത ലോകകപ്പ് മുതല്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ടീമുകളുടെ എണ്ണം 16 ല്‍ നിന്നും 20 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. യോഗ്യത റൗണ്ട് പോലുള്ള ഒന്നാം റൗണ്ടും എടുത്തുമാറ്റി.

20 ടീമുകളെ അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പ്രാഥമിക റൗണ്ട്. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ രണ്ടാം റൗണ്ടായ സൂപ്പര്‍ എട്ടിലെത്തും. സൂപ്പര്‍ എട്ടില്‍ ടീമുകളെ നാലു വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പായി തിരിക്കും. ആദ്യ രണ്ട് ടീമുകള്‍ വീതം സെമിയിലേക്ക് എത്തും. കൂടുതല്‍ രാജ്യങ്ങളിലേക്ക് കളി എത്തിക്കുന്നതിന്റെ ഭാഗമായാണ് എണ്ണം 20 ആക്കിയത്.

അടുത്ത ലോകകപ്പിനായി ഇതുവരെ 12 ടീമുകള്‍ യോഗ്യത നേടിയിട്ടുണ്ട്. ബാക്കി എട്ടു ടീമുകളെ ഭൂഖണ്ഡ യോഗ്യത റൗണ്ടുകളിലൂടെ കണ്ടെത്തും. ഏഷ്യാ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളില്‍ നിന്ന് രണ്ട് വീതം ടീമുകള്‍ക്ക് യോഗ്യത നേടാന്‍ സാധിക്കും. സിംബാബ്‌വെ, അയര്‍ലന്‍ഡ്, നമീബിയ, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ക്ക് യോഗ്യത റൗണ്ട് വഴി വേണം പ്രധാന ടൂര്‍ണമെന്റിലെത്താന്‍.

ഇന്ത്യ ഉള്‍പ്പെടെയുള്ള വമ്പന്‍ ടീമുകള്‍ക്ക് സൂപ്പര്‍ എട്ടിലെത്താനായാല്‍ ചുരുങ്ങിയത് 7 മല്‍സരമെങ്കിലും കിട്ടും രീതിയിലാണ് ലോകകപ്പ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അമേരിക്ക ആദ്യമായിട്ടാണ് ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്നത്. അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button