Football

16 വര്‍ഷത്തിനിടയില്‍ സ്‌പെയിന് സംഭവിച്ച കണ്ടോ… പക്ഷെ മത്സര ഫലം മറ്റൊന്നായിരുന്നു

ലോകഫുട്‌ബോളിന്റെ താരരാജക്കളെന്നാണ് സ്‌പെയിന്‍ ടീമിനെ എല്ലാ കാലത്തും വാഴ്ത്തിപ്പാടാറുള്ളത്. എപ്പോള്‍ കളത്തിലിറങ്ങിയാലും അവര്‍ക്ക് എതിര്‍ ടീമുകളേക്കാള്‍ മത്സരത്തില്‍ ആധിപത്യം ഉണ്ടാകുമെന്നത് തന്നെയാണ് കാരണം. എന്നാല്‍ നീണ്ട 16 വര്‍ഷത്തിന് ശേഷം സ്‌പെയിന്‍ ടീം ആദ്യമായി എതിര്‍ ടീമിനേക്കാള്‍ കുറഞ്ഞ പൊസഷനില്‍ കളിക്കേണ്ടി വന്ന കാഴ്ച്ചയാണ് ഈ യൂറോയില്‍ ക്രൊയേഷ്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കണ്ടത്. പൊസഷന്‍ കുറവായിരുന്നെങ്കിലും 3-0 എന്ന സ്‌കോറിന് ക്രൊയേഷ്യയെ സ്‌പെയിന്‍ പഞ്ഞിക്കിട്ടതും ഈ മത്സരത്തിലാണെന്നതും വിരോധാഭാസം.

2008 യൂറോ ഫൈനലിലാണ് ഇതിന് മുന്‍പ് സ്‌പെയിന്‍ എതിര്‍ ടീമിനേക്കാള്‍ കുറഞ്ഞ പൊസഷനില്‍ കളിക്കേണ്ടി വന്നത്. അന്ന് ജര്‍മനി ആയിരുന്നു എതിരാളി. പക്ഷെ അന്നും സ്‌പെയിന്‍ 1-0 ജര്‍മനിയെ പരാജയപ്പെടുത്തി യൂറോ കപ്പ് സ്വന്തമാക്കി. 136 കോംപറ്റീറ്റീവ മത്സരങ്ങള്‍ക്ക് ശേഷം 2024 യൂറോയിലും ഇതേ വിധി സ്പാനിഷ് ടീമിന് ഉണ്ടായിട്ടും ജയം സ്്‌പെയിന്‍ ഒപ്പമായി.

53 ശതമാനമായിരുന്നു മത്സരത്തില്‍ ക്രൊയേഷ്യയുടെ ബോള്‍ പൊസഷന്‍. സ്‌പെയ്‌നാകട്ടെ 47 ശതമാനവും. അറ്റാക്കിംഗിലും ക്രൊയേഷ്യ പിന്നിലായിരുന്നില്ല. ടോട്ടല്‍ ഷോട്ട് എടുക്കുന്നതിലും ക്രൊയേഷ്യ മുന്നിട്ട് നിന്നു. ഇരു ടീമുകളും അഞ്ചുവീതം ഷോട്ടുകള്‍ ടാര്‍ജറ്റിലേക്ക് ഉതിര്‍ത്തപ്പോള്‍ സ്‌പെയിന്‍ മൂന്നെണ്ണം ഗോളാക്കി. ക്രൊയേഷ്യയ്ക്കാകട്ടെ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. മത്സരത്തിലുടനീളം ഒരു കൗണ്ടര്‍ അറ്റാക്കിംഗ് പോലും നടത്താന്‍ ക്രൊയേഷ്യക്കായില്ല. പക്ഷെ 15 തവണ ഗോള്‍ ശ്രമങ്ങള്‍ നടത്തി. അപകടകരമായ അറ്റാക്കിംഗിലാണെങ്കിലും ക്രൊയേഷ്യയായിരുന്നു സ്‌പെയിനേക്കാള്‍ മുന്നില്‍. പക്ഷെ ജയം ഗോളടിക്കുന്നവര്‍ക്കൊപ്പമാണെന്ന പരമാര്‍ത്ഥം ക്രൊയേഷ്യ മറന്നു.

തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടം പ്രതീക്ഷിച്ച ആരാധകര്‍ക്ക് സ്പാനിഷ് വിരുന്നൊരുക്കിയ മത്സരമായിരുന്നു സ്‌പെയിന്‍ ക്രൊയേഷ്യ ഗ്രൂപ്പ്ഘട്ട മത്സരം. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് വരെ ആരു ജയിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാകുമായിരുന്നില്ല. പക്ഷെ ബെര്‍ലിനിലെ ഒളിംപിയാസ്റ്റേഡിയനില്‍ പന്തുരുണ്ടു തുടങ്ങിയപ്പോള്‍ സ്‌പെയിന്‍ ആധിപത്യം നേടുന്നതായിരുന്നു കാഴ്ച. ഒന്നാംപകുതിയുടെ ഫിസില്‍ മുഴങ്ങുമ്പോള്‍ മൂന്ന് ഗോളുമായി ആധികാരിക ജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

4-3-3 എന്ന പതിവ് ഫോര്‍മേഷനിലാണ് ലൂയിസ് ഡിലാ ഫ്യൂണ്ടെ സ്പാനിഷ് സ്‌ക്വാഡിനെ നിരത്തിയത്. മുന്നേറ്റനിരയില്‍ അല്‍വാരോ മൊറാട്ട, ലാമിന്‍ യമാല്‍, നിക്കോ വില്യംസ് എന്നിവര്‍. മധ്യനിരയില്‍ പെട്രിയും റോഡ്രിയും ഫാബിയന്‍ റൂയിസും. പ്രതിരോധത്തിലാകട്ടെ തലമുതിര്‍ന്ന ഡാനിയല്‍ കാര്‍വഹാളിനും നാച്ചോ ഫെര്‍ണാണ്ടസിനുമൊപ്പം മാര്‍ക്ക് കുക്കുറെല്ലയും റോബിന്‍ ലെ നോര്‍മന്‍ഡും.

മത്സരം തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ഫ്യൂണ്ടെ ഫോര്‍മേഷനില്‍ മാറ്റംവരുത്തി. അല്‍വാരോ മൊറാട്ടയെ സ്‌ട്രൈക്കര്‍ പോസിഷനില്‍ നിര്‍ത്തി യമാലിനും വില്യംസിനുമൊപ്പം ഫാബിയന്‍ റൂയിസിനെയും പെഡ്രിയേയും മുന്നേറ്റ നിരയിലേക്ക് കൊണ്ടുവന്നു. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ പൊഷിഷനില്‍ റോഡ്രിയും. അഞ്ചുപേരെ നിരത്തിയുള്ള അറ്റാക്കിംഗായിരുന്നു പിന്നീട്. ലുക്കാ മോഡ്രിച്ചും ലോവ്രോ മയേറുമൊക്കെയുള്ള ഇടത് വിങിലൂടെയായിരുന്നു സ്‌പെയിന്റെ മുന്നേറ്റങ്ങളേറയും നടത്തിയത്.

4-3-3 എന്ന ഫോര്‍മേഷനിലാണ് സ്ലാറ്റ്‌കോ ഡാലിക് ക്രൊയേഷ്യയെ കളത്തിലിറക്കിയത്. മുന്നേറ്റ നിരയില്‍ ലോവ്രോ മായേറും ആന്റി ബുഡിമിറും ആന്ദ്രെ ക്രാമാരിച്ചും. മധ്യനിരയില്‍ സാക്ഷാല്‍ ലൂക്കോ മോഡ്രിച്ചിനൊപ്പം മാര്‍സെലോ ബ്രോസോവിച്ചും മറ്റെയോ കോവാസിച്ചും. പ്രതിരോധത്തില്‍ ജോസിപ് സ്റ്റാനിസിച്ചും, ജോസിപ് സുടാലോയും മരിന്‍ പൊന്‍ഗ്രാസിച്ചും. ജോസകോ ഗ്വാര്‍ഡിയോളും. ഗോള്‍വല കാക്കാന്‍ ഡൊമിനിക് ലിവകോവിച്ചും.

ശക്തമായിരുന്നു ക്രൊയേഷ്യയുടെ സ്‌ക്വാഡ്. പക്ഷെ ഡിലാ ഫ്യൂണ്ടെയുടെ തന്ത്രങ്ങളും സ്പാനിഷ് താരങ്ങളുടെ കടന്നാക്രമണവുമെല്ലാം ക്രൊയേഷ്യന്‍ നിരയെ കാഴ്ചക്കാരാക്കി. സ്പാനിഷ് താരങ്ങളുടെ നിരന്തര ആക്രമണങ്ങളെ ചെറുക്കാന്‍ ക്രൊയേഷ്യന്‍ താരനിരയ്ക്കായില്ല. പിടിച്ചു കയറാന്‍ മോഡ്രിച്ചിനേയും മയേറിനെയുമൊക്കെ പൊസിഷന്‍ മാറ്റി നടത്തിയ ഡാലിച്ചിന്റെ പരീക്ഷണങ്ങളും വിജയം കണ്ടില്ല.

അതേസമയം രണ്ടാംപകുതിയില്‍ ക്രൊയേഷന്‍ സ്‌ക്വാഡില്‍ വരുത്തിയ ചില സബ്സ്റ്റിറ്റിയൂഷനുകള്‍ താരങ്ങളുടെ പ്രകടനത്തില്‍ വലിയ ഊര്‍ജവും ആത്മവിശ്വാസവും കൊണ്ടുവന്നു. തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയില്‍ ക്രൊയേഷന്‍ സൈഡിലുണ്ടായി നിരന്തര മുന്നേറ്റങ്ങള്‍ ഗോള്‍ മുഖത്തിന്റെ പടിവാതിക്കല്‍ വരെ എത്തിയെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ഗോളെന്ന് കരുതിയ ഒരവസരം സ്പാനിഷ് പ്രതിരോധ നിരയുടെ കരുത്തില്‍ നിഷ്ഭ്രമമായി.

ക്രൊയേഷ്യന്‍ സൈഡില്‍ ആരും തന്നെ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ചില്ലെന്നാണ് പ്ലയേഴ്‌സ് റേറ്റിംഗ് കാണിക്കുന്നത്. ആര്‍ക്കും ഏഴിന് മുകളില്‍ റേറ്റിംഗ് ഉണ്ടായിരുന്നില്ല. സൂപ്പര്‍താരം ലൂക്കാ മോഡ്രിച്ചിന്റെ പ്രകടവും ശോകമായിരുന്നു. 44 തവണ മാത്രമാണ് അദ്ദേഹത്തിന് പന്തില്‍ തൊടാന്‍ കഴിഞ്ഞത്. പാസിംഗ് അക്വറസി ആകട്ടെ 89 ശതമാനം മാത്രം. 5.62 ആണ് താരത്തിന്റെ പ്ലയേഴ്‌സ് റേറ്റിംഗ്.

അതേസമയം സ്പാനിഷ് നിരയില്‍ ഏഴിന് മുകളിലാണ് താരങ്ങളുടെ ആവറേജ് പ്രകടനം. ഒരു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ കളിച്ച ഫാബിയന്‍ റൂയിസാണ് സ്പാനിഷ് നിരയില്‍ ഏറ്റവും തിളങ്ങിയത്. 63 തവണ പന്ത് തട്ടിയ അദ്ദേഹം ടാര്‍ജറ്റിലേക്ക് ഉതിര്‍ത്ത ഒരു ഷോട്ട് ഗോളാക്കി മാറ്റുകയും ചെയ്തു. 90 ശതമാനത്തിന് മുകളിലാണ് അദ്ദേഹത്തിന്റെ പാസിംഗ് കൃത്യത.

Related Articles

Back to top button