FootballTop Stories

ഗോള്‍ഡന്‍ ത്രെഡ്സിനെ ഷോക്കടിപ്പിച്ച് കെഎസ്ഇബി!

കേരളാ പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ത്രെഡ്സ് എഫ്‌സിക്ക് ആദ്യ തോല്‍വി. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കെഎസ്ഇബിയാണ് ത്രെഡ്സിനെ വീഴ്ത്തിയത്. ജോണ്‍ പോള്‍ ജോസ്, നിജോ ഗില്‍ബെര്‍ട്ട് എന്നിവരാണ് മുന്‍ചാമ്പ്യന്മാര്‍ക്ക് ജയം സമ്മാനിച്ചത്. തിരിച്ചടിക്കാന്‍ ത്രെഡ്സിന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല.

അഞ്ച് വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഗോള്‍ഡന്‍ ത്രെഡ്സ് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. കെഎസ്ഇബിയെയും മുട്ടുകുത്തിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇരുടീമുകളും പ്രതിരോധം കടുപ്പിക്കുകയും മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടുകയും ചെയ്തതോടെ ആദ്യപകുതി ഗോളൊളിഞ്ഞു നിന്നു. രണ്ടാം പകുതിയുടെ തുടക്കവും വിരസമായിരുന്നു. എന്നാല്‍ അറുപത്തി ഒന്നാം മിനിറ്റില്‍ കഥമാറി. മുന്നേറ്റതാരം ജോണ്‍ പോള്‍ ജോസ് കളി കെ.എസ്.ഇ.ബിക്ക് അനുകൂലമാക്കി. ബോക്സിനുള്ളില്‍ നിന്ന് ത്രെഡ്‌സ് പ്രതിരോധ താരങ്ങള്‍ക്ക് മുകളിലൂടെ ഉയര്‍ത്തി നല്‍കിയ പന്ത് ജോണ്‍ പോള്‍ അനായാസം വലയിലെത്തിക്കുകയായിരുന്നു.

തിരിച്ചടിക്ക് ത്രെഡ്‌സ് താരങ്ങള്‍ പൊരുതിയെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല. അധികസമയം തീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ കെ.എസ്.ഇ.ബിയുടെ ജയം ഉറപ്പാക്കി നിജോ സ്‌കോര്‍ ഉയര്‍ത്തി. മദ്ധ്യനിര താരം വിഘ്നേഷിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്കാണ് ഗോളിന് വഴിവച്ചത്. വിഘ്നേഷ് തന്നെയാണ് കിക്കെടുത്തത്. ബോക്സിന് മുകളിലൂടെ പ്രതിരോധ താരങ്ങളെ മറികടന്നെത്തിയ പന്ത് നിജോ വലംകാല്‍ തൊടുത്ത് ഗോള്‍വലയ്ക്കുള്ളിലേക്ക് അനായാസം തട്ടിയിടുകയായിരുന്നു. 19ന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയാണ് ത്രെഡ്‌സിന്റെ അടുത്ത മത്സരം.

Related Articles

Leave a Reply

Back to top button