Football

കോര്‍ണറിന് എത്തിയപ്പോള്‍ കളിയാക്കല്‍; തിരികെ പോയപ്പോള്‍ കൈയടിപ്പിച്ച് നെയ്മര്‍!

ആവേശ പോരാട്ടത്തില്‍ സെര്‍ബിയന്‍ പ്രതിരോധത്തെ പിച്ചിച്ചീന്തിയാണ് ബ്രസീല്‍ ലേകകപ്പിലെ ആദ്യ മല്‍സരം ജയിച്ചു കയറിയത്. സാധാരണ മല്‍സരമായി ആദ്യ പകുതി അവസാനിപ്പിച്ച കാനറികള്‍ രണ്ടാം പകുതിയാണ് വിശ്വരൂപം പൂണ്ടത്. മല്‍സരത്തിനിടെ സൂപ്പര്‍താരം നെയ്മര്‍ക്ക് പരിക്കേറ്റത് മാത്രമാണ് ആരാധകരെ കുറച്ചെങ്കിലും ആശങ്കപ്പെടുത്തുന്നത്.

മല്‍സരത്തിനിടെ സെര്‍ബിയന്‍ ആരാധകരുടെ കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന നെയ്മര്‍ ഒരു മഴവില്‍ കോര്‍ണറിലൂടെ അവരെ കൊണ്ട് കൈയടിപ്പിക്കുന്ന ദൃശ്യങ്ങളും മല്‍സരത്തിലുണ്ടായി. കോര്‍ണര്‍ എടുക്കാന്‍ വരുമ്പോള്‍ നെയ്മറിന്റെ ശ്രദ്ധ തിരിക്കുന്ന രീതിയില്‍ സെര്‍ബിയന്‍ ആരാധകരുടെ കൂക്കുവിളികളും മറ്റും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

നെയ്മറാകട്ടെ ഒന്നും കൂസാതെ നിങ്ങള്‍ നിങ്ങളുടെ ജോലി തുടര്‍ന്നോളൂ എന്ന രീതിയില്‍ കൈ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു. കോര്‍ണര്‍ എടുത്ത ശേഷം സെര്‍ബിയന്‍ ആരാധകരുടെ അവിശ്വസനീയമായ ശബ്ദങ്ങള്‍ വീഡിയോയില്‍ കാണാം. ഒരു നിമിഷം കൊണ്ട് എതിരാളികളെ പോലും ആരാധകരാക്കാന്‍ നെയ്മര്‍ക്ക് സാധിച്ചെന്ന് പറയാം.

ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സൗന്ദര്യം നിറഞ്ഞു നിന്ന പോരാട്ടത്തില്‍ സെര്‍ബിയയെ വീഴ്ത്തി കാനറികള്‍ ഖത്തര്‍ ലോകകപ്പില്‍ പടയോട്ടം തുടങ്ങിയത്. ഗോള്‍രഹിത ആദ്യ പകുതിക്കു ശേഷമാണ് ബ്രസീല്‍ വലകുലുക്കിയത്. ജയത്തോടെ ഗ്രൂപ്പ് ജിയില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താനും നെയ്മറിനും സംഘത്തിനുമായി. ജയം 2-0ത്തിന്.

ആദ്യ 45 മിനിറ്റില്‍ നിന്നും വ്യത്യസ്തമായി ബ്രസീലിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നു രണ്ടാം പകുതി. എപ്പോള്‍ വേണമെങ്കിലും ഗോള്‍ വീഴാമെന്ന അവസ്ഥ. അധികം കാത്തിരിക്കേണ്ടി വന്നില്ല. കൂട്ടപ്പൊരിച്ചിലിനിടയില്‍ റിട്ടേണ്‍ വന്ന പന്ത് 62 മത്തെ മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ വലയിലേക്ക് തൊടുത്തുവിട്ടപ്പോള്‍ സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു.

11 മിനിറ്റിനുശേഷം വീണ്ടും റിച്ചാര്‍ലിസണ്‍ മാജിക്. മനോഹരമായൊരു അക്രബാറ്റിക് ഷോട്ടിലൂടെ പന്ത് വലയില്‍. ഈ ലോകകപ്പില്‍ ഇതുവരെ പിറന്നതില്‍ വച്ചേറ്റവും മനോഹര ഗോളെന്ന് വിശേഷണം തീര്‍ത്തും അര്‍ഹമായ ഗോളായിരുന്നു ഇത്. ഗോള്‍ വീണതോടെ സെര്‍ബിയ കളത്തിലേ ഇല്ലാതായെന്നു പറയാം.

സെര്‍ബിയയ്‌ക്കെതിരായ മല്‍സരത്തോടെ തിയാഗോ സില്‍വ ബ്രസീലിനായി ലോകകപ്പിനിറങ്ങുന്ന ഏറ്റവും മുതിര്‍ന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി. 38 വര്‍ഷവും 63 ദിവസവുമാണ് സില്‍വയുടെ പ്രായം. ദജല്‍മാ സാന്റോസിന്റെ റെക്കോഡാണ് മറികടന്നത്. 37 വര്‍ഷവും 138 ദിവസവുമായിരുന്നു 1966ല്‍ സന്റോസ് കളത്തിലിറങ്ങുമ്പോഴുള്ള പ്രായം.

Related Articles

Back to top button