Cricket

കിട്ടിയ അവസരത്തില്‍ സെന്‍സിബിള്‍ ഇന്നിംഗ്‌സുമായി സഞ്ജു! പന്ത് വീണ്ടും തഥൈവ!

ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് ന്യൂസിലന്‍ഡ് പര്യടനത്തില്‍ ആദ്യമായി അവസരം കിട്ടിയിട്ടും കൃത്യമായി ഉപയോഗിക്കാനാകാതെ സഞ്ജു സാംസണ്‍. മികച്ച സ്‌ട്രോക്കുകളുമായി കളി തുടങ്ങിയെങ്കിലും പിന്നീട് അതു മുതലാക്കാന്‍ മലയാളിതാരത്തിന് സാധിച്ചില്ല. 38 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത് സഞ്ജു മടങ്ങുമ്പോള്‍ വിലപ്പെട്ട 26 പന്തുകള്‍ കൂടി ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ബാക്കിയുണ്ടായിരുന്നു. 4 ഫോര്‍ ഉള്‍പ്പെടെ 94.74 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച സഞ്ജുവിനെ ആഡം മില്‍നെയാണ് വീഴ്ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. മാറ്റ് ഹെന്‍ട്രിയും ടിം സൗത്തിയും ലോക്കി ഫെര്‍ഗൂസണും ഉള്‍പ്പെടുന്ന ബൗളിംഗ് നിരയെ അനായാസമാണ് ഇരുവരും നേരിട്ടത്. ആദ്യ വിക്കറ്റില്‍ തന്നെ 124 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഓപ്പണിംഗ് ജോഡികള്‍ക്ക് സാധിച്ചു.

50 റണ്‍സെടുത്ത ഗില്ലിനെ ഫെര്‍ഗൂസണ്‍ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ 72 റണ്‍സെടുത്ത ധവാനെ ടിം സൗത്തിയും വീഴ്ത്തി. സ്ഥാനക്കയറ്റം കിട്ടിയെത്തിയ ശ്രേയസ് അയ്യര്‍ കിട്ടിയ അവസരം ശരിക്കും വിനിയോഗിച്ചു. എന്നാല്‍ മറുവശത്ത് റിഷാഭ് പന്ത് വീണ്ടും നിരാശപ്പെടുത്തുന്നതാണ് കണ്ടത്. 23 പന്തില്‍ 15 റണ്‍സെടുത്ത പന്തിനെ ഫെര്‍ഗൂസണ്‍ ക്ലീന്‍ബൗള്‍ഡാക്കി.

വലിയ കൈയ്യടിയോടെ ക്രീസിലെത്തിയ സഞ്ജു തുടക്കത്തില്‍ നല്ല ടച്ചിലായിരുന്നു. അനായാസ ബൗണ്ടറികളുമായി തുടങ്ങിയ സഞ്ജു ഒരുവേള സെറ്റായെന്ന് തോന്നിപ്പിച്ചിടത്താണ് ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കി മടങ്ങുന്നത്. മികച്ച ഒരു സ്‌കോര്‍ നേടാന്‍ സാധിച്ചിരുന്നെങ്കില്‍ അടുത്ത മല്‍സരങ്ങളില്‍ സഞ്ജുവിന്റെ സ്ഥാനം സുരക്ഷിതമാകുമായിരുന്നു.

Related Articles

Back to top button