Football

അര്‍ജന്റീനക്കാരന് യൂറോപ്പില്‍ എന്തു കാര്യം? യൂറോ കപ്പ് പോരാട്ടത്തില്‍ വിവാദം കത്തുന്നു…

യുവേഫ യൂറോ കപ്പ് ഫുട്ബോള്‍ പോരാട്ടത്തിനിടെ വിവാദം തലപൊക്കി. ഗ്രൂപ്പ് എയില്‍ ഹംഗറി 1-0ന് സ്‌കോട്ട്ലന്‍ഡിനെ കീഴടക്കിയതിനു പിന്നാലെയാണ് വിവാദം തീപ്പൊരിയായിരിക്കുന്നത്.

മത്സരത്തിന്റെ 90+10-ാം മിനിറ്റില്‍ ആയിരുന്നു ഹംഗറിയുടെ ജയം കുറിച്ച ഗോള്‍. തോല്‍വിയോടെ സ്‌കോട്ട്‌ലന്‍ഡ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. മത്സരത്തിനു പിന്നാലെ സ്‌കോട്ടിഷ് പരിശീലകന്‍ സ്റ്റീവ് ക്ലാര്‍ക്കാണ് വിവാദമുയര്‍ത്തിയത്.

മത്സരം നിയന്ത്രിച്ച റഫറിയെ കുറിച്ചാണ് സ്റ്റീവ് ക്ലാര്‍ക്ക് ആക്ഷേപം ഉന്നയിച്ചത് എന്നതാണ് ശ്രദ്ധേയം. മത്സരത്തിനിടെ സ്‌കോട്ലന്‍ഡിന് ലഭിക്കേണ്ടിയിരുന്ന ഒരു പെനാല്‍റ്റി കിക്ക് റഫറി ഫാകുണ്ടോ ടെല്ലോ വിഎആര്‍ നോക്കിയശേഷം നിഷേധിച്ചിരുന്നു. ഈ തീരുമാനമാണ് സ്റ്റീവ് ക്ലാര്‍ക്കിനെ ചൊടിപ്പിച്ചത്.

പെനാല്‍റ്റി ലഭിച്ചിരുന്നെങ്കില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ യൂറോ കപ്പ് സാധ്യതയില്‍ മറ്റൊരു ചിത്രം ഉരുത്തിരിയുമായിരുന്നേക്കാം. മത്സരം അവസാനിക്കാന്‍ 10 മിനിറ്റ് ഉള്ളപ്പോള്‍ ഹംഗറിയുടെ ഡിഫെന്‍ഡര്‍ ഒര്‍ബാന്‍ സ്‌കോട്ട്‌ലന്‍ഡിന്റെ സ്റ്റൂവര്‍ട്ട് ആംസ്ട്രോംഗിനെ കടുത്ത ടാക്ലിംഗിലൂടെ വീഴ്ത്തിയതിനാണ് പെനാല്‍റ്റി നല്‍കേണ്ടതായിരുന്നു എന്ന് സ്റ്റീവ് ക്ലാര്‍ക്ക് പറയുന്നത്.

അര്‍ജന്റീനക്കാരനാണ് ഫാകുണ്ടോ ടെല്ലോ എന്നതാണ് സ്‌കോട്ടിഷ് മുഖ്യപരിശീലകനെ ചൊടിപ്പിച്ച മറ്റൊരു കാര്യം. യൂറോ കപ്പ് പോരാട്ടം നിയന്ത്രിക്കേണ്ടത് യൂറോപ്പില്‍നിന്നുള്ള റഫറി അല്ലേയെന്നും എന്തിനാണ് അര്‍ജന്റീനയില്‍ നിന്ന് റഫറിയെ ഇറക്കുമതി ചെയ്തതെന്നും സ്റ്റീവ് ക്ലാര്‍ക്ക് ആരാഞ്ഞു.

അതേസമയം, യുവേഫയും കോണ്‍മെബോളും തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് കോപ്പ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള റഫറിയെ യുവേഫ യൂറോ കപ്പ് 2024ല്‍ എത്തിച്ചത്. മാത്രമല്ല, യൂറോ കപ്പ് ചരിത്രത്തില്‍ മത്സരം നിയന്ത്രിക്കാന്‍ എത്തുന്ന രണ്ടാമത് മാത്രം റഫറിയാണ് ഫാകുണ്ടോ ടെല്ലോ.

2020ല്‍ അര്‍ജന്റീനക്കാനായ ഫെര്‍ണാണ്ടോ റാപ്പള്ളിനിയും യൂറോ കപ്പ് നിയന്ത്രിക്കാന്‍ എത്തിയിരുന്നു. സ്‌കോട്ലന്‍ഡ് 1-3ന് ക്രൊയേഷ്യയോട് പരാജയപ്പെട്ട മത്സരമായിരുന്നു റാപ്പള്ളിനി നിയന്ത്രിച്ചത്. അര്‍ജന്റീനക്കാരനായ ഫാകുണ്ടോ ടെല്ലോ യൂറോ നിയന്ത്രിക്കുമ്പോള്‍ ഇറ്റലിക്കാരനായ മൗറിസിയൊ മരിയാന കോപ്പ അമേരിക്ക 2024 നിയന്ത്രിക്കാനായി അമേരിക്കയിലുണ്ട്.

ഫാകുണ്ടോ ടെല്ലോ റഫറിമാരിലെ വിവാദ നായകനാണെന്നതും മറ്റൊരു വസ്തുതയാണ്. ബൊക്ക ജൂണിയേഴ്സും റേസിംഗ് ക്ലബ്ബും തമ്മില്‍ 2022 നവംബറില്‍ നടന്ന അര്‍ജന്റൈന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 10 കളിക്കാരെ ചുവപ്പു കാര്‍ഡ് കാണിച്ച് പുറത്താക്കിയ ചരിത്രം ഫാകുണ്ടോ ടെല്ലോയ്ക്ക് ഉണ്ട്. ബൊക്ക ജൂണിയേഴ്സിന്റെ ഏഴും റേസിംഗിന്റെ മൂന്നും കളിക്കാരെയായിരുന്നു ടെല്ലോ ചുവപ്പു കാര്‍ഡ്കാണിച്ചത്

Related Articles

Back to top button