Football

പകരക്കാര്‍ക്കൊപ്പം പരിശീലനം നടത്താന്‍ വിസമ്മതിച്ച് റൊണാള്‍ഡോ; വീണ്ടും വിവാദം!

ഫിഫ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തുടരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മല്‍സരത്തില്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് ആദ്യ ഇലവനില്‍ റൊണാള്‍ഡോയെ ഇറക്കിയിരുന്നില്ല. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത ടീമിന്റെ പരിശീലനവുമായി ബന്ധപ്പെട്ടാണ്.

റോണോ പകരക്കാരായി ഇറങ്ങുന്ന താരങ്ങള്‍ക്കൊപ്പം പരിശീലനത്തിന് ഇറങ്ങാന്‍ വിസമ്മതിച്ചുവെന്ന വാര്‍ത്തയാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പകരക്കാര്‍ക്കായി നടത്തിയ പരിശീലനത്തില്‍ റൊണാള്‍ഡോ പങ്കെടുത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തിലെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച താരങ്ങള്‍ ജിം സെഷനിലാണ് പങ്കെടുത്തത്.

ക്രിസ്റ്റ്യാനോ സബ്സ്റ്റിറ്റിയൂട്ടുകളായ താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങാത ജിമ്മില്‍ തുടരുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി താരം നിര്‍ബന്ധം പിടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. മാതൃഭൂമി അടക്കമുള്ള മലയാള പത്രങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നേരത്തെ പോര്‍ച്ചുഗീസ് ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ആഘോഷിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാതെ ക്രിസ്റ്റ്യാനോ വേഗത്തില്‍ ലുസെയ്ല്‍ സ്റ്റേഡിയം വിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സ്റ്റാര്‍റ്റിങ് ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്താതില്‍ വിമര്‍ശനവുമായി ജീവിതപങ്കാളി ജോര്‍ജിന റോഡ്രിഗസും രംഗത്തെത്തിയിരുന്നു.

ഘാനയ്ക്കെതിരേ പെനാല്‍റ്റി സ്‌കോര്‍ ചെയ്ത് അഞ്ചു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡുമായാണ് റൊണാള്‍ഡോ ഈ ലോകകപ്പ് തുടങ്ങിയത്. എന്നാല്‍ പിന്നീട് രണ്ടു കളികളില്‍ ഗോളടിക്കാനായില്ല. ദക്ഷിണ കൊറിയയ്‌ക്കെതിരായ മല്‍സരത്തില്‍ പെട്ടെന്ന് പിന്‍വലിപ്പിച്ചത് റോണോയെ ചൊടിപ്പിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

സൈഡ് ബെഞ്ചിലേക്ക് മടങ്ങുമ്പോള്‍ ചുണ്ടില്‍ വിരല്‍ വച്ച് നിശബ്ദനാകാന്‍ റോണോ ആംഗ്യം കാണിച്ചിരുന്നു. ഇത് പക്ഷേ കൊറിയന്‍ താരത്തോട് പറഞ്ഞതാണെന്ന് താരവും കോച്ചും പിന്നീട് വിശദീകരിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button