FootballISL

വാരണാസിയില്‍ ഫുട്‌ബോള്‍ വിപ്ലവത്തിന് സ്പാനിഷ് വമ്പന്മാരുടെ ‘അത്‌ലറ്റിക്കോ ഡി ഭാരത്’; ഇനി കളിമാറും!!

ഇന്ത്യന്‍ ഫുട്‌ബോളിലേക്കുള്ള മൂന്നാം വരവില്‍ വലിയ വിപ്ലവം തീര്‍ക്കാന്‍ സ്പാനിഷ് വമ്പന്മാരായ അത്‌ല്റ്റിക്കോ ഡി മാഡ്രിഡ്. ഉത്തര്‍പ്രദേശില്‍ നിന്നും ഐലീഗ് കളിക്കുന്ന ഇന്റര്‍ കാശിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയ അത്‌ലറ്റിക്കോ ഇപ്പോള്‍ വാരണസിയില്‍ വന്‍ അക്കാഡമി കൂടി ആരംഭിക്കുകയാണ്.

അത്‌ലറ്റിക്കോ ഡി ഭാരത് എന്ന പേരില്‍ തുടങ്ങുന്ന അക്കാഡമിയിലൂടെ കളിക്കാരെ മാത്രമല്ല കോച്ചുമാരെയും ട്രെയിന്‍ ചെയ്ത് എടുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ട് സ്‌പെയിനില്‍ നിന്നും വിദഗ്ധ പരിശീലകരെ ഇന്ത്യയിലേക്ക് അയയ്ക്കും.

ഒന്നോ രണ്ടോ സീസണ്‍ ലക്ഷ്യമിട്ടല്ല തങ്ങള്‍ ഇന്ത്യയിലേക്ക് മൂന്നാം തവണയും എത്തിയിരിക്കുന്നതെന്ന് ഇന്റര്‍ കാശി പരിശീലകന്‍ കാര്‍ലോസ് സാന്റാമരീന വ്യക്തമാക്കി. ഇന്ത്യയെന്ന ഫുട്‌ബോള്‍ മാര്‍ക്കറ്റ് തങ്ങളെ സംബന്ധിച്ച് വളരെ വലുതാണ്. അതുകൊണ്ട് തന്നെ വലിയ തോതില്‍ ഇവിടെ നിക്ഷേപം നടത്തുകയാണ് ലക്ഷ്യമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത ആസ്ഥാനമായ ആര്‍ഡിബി ഗ്രൂപ്പുമായി ചേര്‍ന്നാണ് അത്‌ലറ്റിക്കോ ഇന്റര്‍ കാശി ക്ലബിന്റെ ഉടമസ്ഥത വഹിക്കുന്നത്. ഈ സീസണില്‍ ഐലീഗ് കിരീടം നേടി അടുത്ത വര്‍ഷത്തെ ഐഎസ്എല്ലിന് പ്രമോഷന്‍ വാങ്ങുകയാണ് അവരുടെ ലക്ഷ്യം.

സ്‌പെയിനില്‍ അത്‌ലറ്റിക്കോയുടെ യൂത്ത് ടീമില്‍ കളിക്കുന്ന താരങ്ങളെയാണ് അവര്‍ വിദേശ താരങ്ങളായി ടീമിലെത്തിച്ചിരിക്കുന്നത്. ടെക്‌നിക്കല്‍ സപ്പോര്‍ട്ട് മുഴുവന്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ് നല്കുന്നത്. ഇപ്പോള്‍ തന്നെ മികച്ച സ്‌പോണ്‍സര്‍മാരെയും കളിക്കാരെയും ടീമിലെത്തിക്കാന്‍ ഇന്റര്‍ കാശിക്ക് സാധിച്ചിട്ടുണ്ട്.

പുതിയ അക്കാഡമി കൂടി വരുന്നതോടെ ഉത്തര്‍പ്രദേശിലെ ഫുട്‌ബോള്‍ വികസനത്തിന് വേഗം കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നത്.

ഇന്റര്‍ കാശിയുടെ വളര്‍ച്ചയ്ക്ക് ഇത് വലിയ ഊര്‍ജ്ജമേകും. മുന്‍ ജെംഷഡ്പൂര്‍ നായകന്‍ പീറ്റര്‍ ഹാര്‍ഡ്‌ലി, ഗോളി അരിന്ദം ഭട്ടാചാര്യ, ഇന്ത്യന്‍ ഫോര്‍വേഡ് സുമിത് പാസി, ഐഎസ്എല്‍ പരിചയമുള്ള സെഹ്നാജ് സിംഗ് എന്നിവര്‍ക്കൊപ്പം സ്പാനിഷ് സ്‌ട്രൈക്കര്‍ ജോര്‍ദാന്‍ ലമെല അടക്കമുള്ള താരങ്ങളും ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്.

കഴിഞ്ഞ മൂന്നാഴ്ച്ചയായി കഠിന പരിശീലനം നടത്തുന്ന ഇന്റര്‍ കാശി ഈ സീസണില്‍ കോര്‍പറേറ്റ് ബിഡ് വഴിയാണ് ഐലീഗിലെത്തിയത്. ഒക്ടോബര്‍ അവസാന ആഴ്ച്ചയാണ് ഐലീഗ് തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഒന്നരമാസം കൂടി ഐലീഗിനായി സമയം കിട്ടുന്നത് ഇന്റര്‍ കാശിക്ക് ഗുണം ചെയ്യും.

ഇത്തവണ കിരീട പോരാട്ടത്തിലേക്ക് വാരണാസി കേന്ദ്രീകരിച്ച ടീമിന് വെല്ലുവിളിയാകുന്നത് ഗോകുലം കേരള, ശ്രീനിഥി ഡെക്കാന്‍, മൊഹമ്മദന്‍സ് കൊല്‍ക്കത്ത ടീമുകളാണ്. എല്ലാ ടീമുകളും കഠിന പരിശീലനത്തിലാണ്.

Related Articles

Back to top button