Football

ബ്രസീലിന്റെ ‘വീഴ്ച്ച’ പാഠമാക്കി; യൂറോപ്യന്‍ കളരി ചാടിക്കടന്ന് മെസിപ്പട!!

ആദ്യ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് ഷൂട്ടൗട്ടില്‍ തോറ്റുമടങ്ങിയ അയല്‍ക്കാരുടെ പരാജയത്തില്‍ നിന്ന് പാഠം പഠിച്ച അര്‍ജന്റീന  സെമിയിലേക്കുള്ള യാത്ര സുഗമമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ പോകേണ്ടി വന്നെങ്കിലും അര്‍ജന്റീന വഴി മറന്നില്ല.

നെതര്‍ലന്‍ഡ്‌സുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ചില അനുകൂല ഘടകങ്ങള്‍ ഉണ്ടായിരുന്നു. ആദ്യ മല്‍സരം സൗദി അറേബ്യയോട് തോറ്റതോടെ പിന്നീടുള്ള പോരാട്ടങ്ങളെല്ലാം അവര്‍ക്ക് നോക്കൗട്ട് മല്‍സരങ്ങളായിരുന്നു.

ബ്രസീലും നെതര്‍ലന്‍ഡ്‌സും വലിയ സമ്മര്‍ദമൊന്നും അനുഭവിക്കാതെയാണ് ക്വാര്‍ട്ടര്‍ വരെ കടന്നെത്തിയത്. അത് അവരെ അമിത ആത്മവിശ്വാസത്തിലേക്ക് തള്ളിവിട്ടെന്ന് വിലയിരുത്തിയാലും അതിശയോക്തിയല്ല.

ഫുട്‌ബോളില്‍ പ്രതിഭയേക്കാള്‍ ‘പ്രെസന്‍സ് ഓഫ് മൈന്റ്’ വലിയ ഘടകമാണ്. ഏത് അവസ്ഥയിലാണ് താനും ടീമും എന്നതിനെക്കുറിച്ച് വ്യക്തതയില്ലെങ്കില്‍ എത്ര വലിയ പ്രതിഭയും കാര്യമില്ലാതാകും.

ഒരു ഗോളിന് ലീഡ് എടുത്ത ശേഷവും ഡച്ച് പ്രതിരോധത്തെ പരീക്ഷിക്കാനുള്ള നീക്കങ്ങളും അര്‍ജന്റീനയ്ക്ക് സമ്മാനിച്ചത് മേധാവിത്വമാണ്. സ്‌കലോണിയുടെയും മെസിയുടെയും കീഴില്‍ ഒരൊറ്റ യൂണിറ്റായി രാജ്യത്തിനായി പോരാടാന്‍ ടീമെന്ന നിലയില്‍ അര്‍ജന്റീന കാണിച്ച ആവേശവും എടുത്തു പറയേണ്ടതാണ്.

ടീമെന്ന നിലയിലുള്ള ഒത്തൊരുമയ്ക്ക് വ്യക്തി താല്‍പര്യങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കാന്‍ ഓരോ അര്‍ജന്റൈന്‍ താരങ്ങളും ശ്രമിച്ചെന്നത് കളത്തില്‍ കാണാവുന്നതാണ്. സൗദിക്കെതിരായ ആദ്യ മല്‍സരത്തിലെ ഞെട്ടിക്കുന്ന തോല്‍വി നല്‍കിയ ഊര്‍ജം തന്നെയാകണം നെതര്‍ലന്‍ഡ്‌സിനെ മറികടന്ന് സെമിയിലെത്താന്‍ മെസിയെയും സംഘത്തെയും സഹായിച്ചത്. മറുവശത്ത് ബ്രസീലിന് സംഭവിച്ചതാകട്ടെ അനായാസ ജയങ്ങളിലെ ആലസ്യത്തില്‍ നിന്നേറ്റ പ്രഹരവും.

Related Articles

Back to top button