Football

കോച്ച് കട്ടക്കലിപ്പില്‍; റൊണാള്‍ഡോയുടെ ആംബാന്‍ഡ് നഷ്ടപ്പെടും?

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ പരസ്യ പ്രതികരണവുമായി പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിനു മുന്നോടിയായി പത്രസമ്മേളനത്തിന് എത്തിയപ്പോഴാണ് റോണോയ്‌ക്കെതിരേ സാന്റോസ് പ്രതികരണം നടത്തിയത്.

അടുത്ത മല്‍സരത്തില്‍ റൊണാള്‍ഡോയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം ഉറപ്പില്ലെന്നും ആദ്യ ഇലവനില്‍ കളിപ്പിക്കുന്ന കാര്യത്തില്‍ പോലും തീരുമാനമായില്ലെന്നുമാണ് കോച്ചിന്റെ പ്രതികരണം. ദക്ഷിണ കൊറിയയ്‌ക്കെതിരേ തോറ്റ മല്‍സരത്തില്‍ റൊണാള്‍ഡോയെ നേരത്തെ പിന്‍വലിച്ചിരുന്നു. സൈഡ് ബെഞ്ചിലേക്ക് നടക്കുന്നതിനിടെ ചുണ്ടത്ത് വിരല്‍ വച്ച് ആംഗ്യം കാണിച്ചാണ് റൊണാള്‍ഡോ മടങ്ങിയത്.

ദക്ഷിണ കൊറിയന്‍ താരങ്ങളിലൊരാള്‍ റോണോയോട് വേഗത്തില്‍ ഗ്രൗണ്ട് വിടാന്‍ ആവശ്യപ്പെട്ടെന്നും ഇതിനുള്ള പ്രതികരണമായിട്ടാണ് നാവടക്കൂവെന്ന് റോണോ ആംഗ്യം കാണിച്ചതെന്നുമായിരുന്നു വാദം. റൊണാള്‍ഡോയും കോച്ചും ഇതേ രീതിയിലായിരുന്നു മല്‍സരശേഷം പ്രതികരിച്ചത്. എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മല്‍സരത്തിനു മുമ്പുള്ള പത്രസമ്മേളനത്തില്‍ സാന്റോസ് വളരെ പരുക്ഷമായിട്ടാണ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

താന്‍ ആ ദൃശ്യങ്ങള്‍ കണ്ടിരുന്നു. തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്നാല്‍ ആ വിഷയം ഞങ്ങള്‍ അടച്ചിട്ട മുറിയിലെന്ന പോലെ പറഞ്ഞു തീര്‍ത്തുവെന്ന് കോച്ച് പറഞ്ഞു. അടുത്ത കളിയിലും ടീമിനെ റോണോ നയിക്കുമോയെന്ന ചോദ്യത്തിന് അക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ക്യാപ്റ്റന്‍ ബാന്‍ഡ് റൊണാള്‍ഡോയ്ക്ക് ഉറപ്പില്ലെന്നും കോച്ച് വ്യക്തമാക്കി.

ഗ്രൗണ്ടില്‍ മല്‍സരത്തിനായി എത്തുമ്പോള്‍ മാത്രമേ ക്യാപ്റ്റന്‍ ആരാകണമെന്ന് തീരുമാനിക്കൂ. റൊണാള്‍ഡോയ്ക്ക് ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പു പോലുമല്ലെന്ന സൂചനയും കോച്ച് നല്‍കി. സമീപകാലത്ത് അത്ര നല്ല സമയമല്ല റൊണാള്‍ഡോയ്ക്ക്. അതേസമയം ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ആദ്യമായി ഗോള്‍ നേടാനുള്ള ശ്രമത്തിലാണ് റൊണാള്‍ഡോ.

Related Articles

Back to top button