Football

റൊണാള്‍ഡോ ക്വാര്‍ട്ടറിലും പുറത്തുതന്നെ; സൂചന നല്‍കി സാന്റോസ്

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പകരക്കാരനാക്കിയതിന്റെ അലയൊലികള്‍ അടങ്ങി വരുന്നതേയുള്ളൂ. സ്വിറ്റ്സര്‍ലന്‍ഡിന് എതിരായ മത്സരത്തില്‍ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ പരിശീലകന്‍ പകരക്കാരനായാണ് കളത്തില്‍ ഇറക്കിയത്. പോര്‍ച്ചുഗല്‍ 6-1ന് ജയിച്ച പ്രീക്വാര്‍ട്ടറില്‍ 73-ാം മിനിറ്റില്‍ മാത്രമായിരുന്നു റൊണാള്‍ഡോ കളത്തില്‍ എത്തിയത്.

ക്വാര്‍ട്ടര്‍ ഫൈനലിലും റൊണാള്‍ഡോ സബ്സ്റ്റിറ്റിയൂഷന്‍ ബെഞ്ചില്‍ ആയിരിക്കും ഇരിക്കുക എന്ന സൂചനയാണ് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് നല്‍കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായ മറുപടിയല്ല സാന്റോസ് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. സ്വിറ്റ്സര്‍ലന്‍ഡിന് എതിരേ റൊണാള്‍ഡോയെ സബ്സ്റ്റിറ്റിയൂഷന്‍ ബെഞ്ചില്‍ ഇരുത്തിയത് വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.

ടീം തന്ത്രത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു ഫെര്‍ണാണ്ടോ സാന്റോസിന്റെ വിശദ്ധീകരണം. അത്തരമൊരു നീക്കത്തോടെ സഹകരിച്ച് ക്യാപ്റ്റന്‍ മാതൃകകാട്ടിയെന്നും സാന്റോസ് പറഞ്ഞിരുന്നു.

ഖത്തര്‍ ലോകകപ്പിലെ കറുത്ത കുതിരകളായി വിശേഷിപ്പിക്കപ്പെടുന്ന മൊറോക്കോയാണ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍. മൊറോക്കോയ്ക്ക് എതിരേയും റൊണാള്‍ഡോ സബ്സ്റ്റിറ്റിയൂഷന്‍ ബെഞ്ചില്‍ ആയിരിക്കും എന്നാണ് ഫെര്‍ണാണ്ടോ സാന്റോസ് സൂചിപ്പിച്ചത്. റൊണാള്‍ഡോ തീര്‍ച്ചയായും കളിക്കും. ബെഞ്ചില്‍ ഉള്ള എല്ലാ കളിക്കാരെയും കളിപ്പിക്കും.

സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇല്ലെങ്കിലും മത്സരത്തിന്റെ ഇടയില്‍ അവര്‍ക്ക് കളത്തില്‍ എത്താം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. ക്യാപ്റ്റന്‍ എന്നനിലയിലും അദ്ദേഹം ചരിത്രപരമായ ഒരു ഉദാഹരണമാണ് കഴിഞ്ഞ കളിയില്‍ (സ്വിറ്റ്സര്‍ലന്‍ഡിന് എതിരേ) കാഴ്ചവച്ചത് -ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു.

അതിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങും എന്നുള്ള പ്രചരണവും ഉണ്ടായി. എന്നാല്‍, ഇക്കാര്യം തള്ളിക്കളഞ്ഞ് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ രംഗത്ത് എത്തിയതും ശ്രദ്ധേയം. ഖത്തര്‍ ലോകകപ്പിന് ഇടയില്‍ നാട്ടിലേക്ക് മടങ്ങാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു പദ്ധതിയും ഇല്ലെന്നാണ് ഫെഡറേഷന്‍ അറിയിച്ചത്.

ഇന്ത്യന്‍ സമയം ശനി രാത്രി 8.30നാണ് പോര്‍ച്ചുഗല്‍ ഃ മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനല്‍. ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ കളിക്കുന്നത് ഇത് മൂന്നാം തവണമാത്രമാണ്. മൊറോക്കോയ്ക്ക് എതിരേ പോര്‍ച്ചുഗലിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ റൊണാള്‍ഡോ ഉണ്ടാകുമോ എന്നതിനായാണ് കാല്‍പ്പന്ത് ലോകത്തിന്റെ കാത്തിരിപ്പ്…

 

Related Articles

Back to top button