Cricket

4 മാസം തുടര്‍ച്ചയായി പന്തെറിഞ്ഞ സഹീറിനെ കണ്ടുപഠിക്കൂ!! ബുംറയ്ക്ക് മുന്നില്‍ ഉദാഹരണം നിരത്തി ജാഫര്‍

തുടര്‍ച്ചയായി കളിക്കാതെ ഇടവേളയെടുക്കുന്നത് ഫാസ്റ്റ് ബൗളര്‍മാരെ ഗുരുതരമായി ബാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ജസ്പ്രീത് ബുംറയ്ക്ക് ഇടവേളകള്‍ നല്‍കണമെന്ന വാദങ്ങള്‍ക്കിടയിലാണ് വസീം ജാഫറിന്റെ അഭിപ്രായം. ഇതിന് ജാഫര്‍ ഉദാഹരണമായി കാണിച്ചത് സഹീര്‍ ഖാനെയാണ്. ഒരിടയ്ക്ക് തുടര്‍ച്ചയായി നാലു മാസം അദേഹം പന്തെറിഞ്ഞെന്നും ജാഫര്‍ പറയുന്നു.

ഇംഗ്ലീഷ് കൗണ്ടിയില്‍ തുടരെ നാല് മാസം സഹീര്‍ കളിച്ചു. 2006 ന് ശേഷം വന്ന സീസണിലാണ് ഇത്. തുടരെ പന്തെറിയുമ്പോള്‍ അവര്‍ക്ക് താളം ലഭിക്കുകയും അവരുടെ ശരീരം ശരിയായ നിലയിലാവുകയും ചെയ്യും. ഇടവേള എടുത്ത് കഴിഞ്ഞാല്‍ പിന്നെ ആ താളത്തിലേക്ക് തിരികെ എത്താന്‍ സമയം എടുക്കും. സഹീര്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തിയത് ഈ നാലു മാസത്തെ കളിക്കു ശേഷമായിരുന്നു.

ഫാസ്റ്റ് ബൗളര്‍ ഇടവേള എടുത്ത് കഴിഞ്ഞാല്‍ പിന്നെ ആദ്യം മുതല്‍ തുടങ്ങണം. ഇവിടെ ബുംറ ട്വന്റി20 ലോകകപ്പിന് ഒരുങ്ങണം എന്ന ലക്ഷ്യം വെച്ചാണ് മുന്‍പോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ അദേഹത്തെ കളിപ്പിച്ചത് പരിക്ക് ക്ഷണിച്ചു വരുത്തിയെന്ന വാദം ശരിയല്ലെന്നും ജാഫര്‍ വ്യക്തമാക്കി.

അതേസമയം, ഇന്ത്യന്‍ ടീമില്‍ ബാക്ക് അപ്പ് പേസര്‍മാരായി മുഹമ്മദ് സിറാജിനെയും ഉമ്രാന്‍ മാലിക്കിനെയും ഉള്‍പ്പെടുത്തി. ഇരുവരും ഈ മാസം ആറിന് ലോകകപ്പില്‍ കളിക്കാനായി യാത്ര തിരിക്കുന്ന 15 അംഗ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകും. ഒക്ടോബര്‍ ആറിന് പെര്‍ത്തിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം അവിടെ ഒരാഴ്ച പരിശീലനം നടത്തിയശേഷം ബ്രിസ്‌ബേനിലേക്ക് പോകും. 17 ന് ബ്രിസ്‌ബേനിലാണ് ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം.

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന രണ്ട് ടി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ജസ്പ്രീത് ബുംറയുടെ പകരക്കാരനായി മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നു. ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷമിയെ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഇനിയും തീരുമാനമെടുത്തിട്ടില്ല. ബുംറയ്ക്ക് കളിക്കാന്‍ പറ്റുമോയെന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനം.

Related Articles

Back to top button