Cricket

ഉമ്രാന്‍-സെന്‍ മിസൈല്‍ വര്‍ഷത്തില്‍ തകര്‍ന്നടിഞ്ഞ് പൂജാരയുടെ ടീം !

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പേസ് എക്‌സ്പ്രസുകളെന്ന് വിലയിരുത്തപ്പെടുന്ന ഉമ്രാന്‍ മാലിക്കിന്റെയും കുല്‍ദീപ് സെന്നിന്റെയും തീപ്പൊരി ബൗളിംഗിന് സാക്ഷിയായി രാജ്‌കോട്ട് സ്‌റ്റേഡിയം. സ്ഥിരമായി 140 കിലോമീറ്ററിലധികം വേഗത്തില്‍ ഇരുവരും പന്തെറിഞ്ഞപ്പോള്‍ ഇറാനി ട്രോഫിയില്‍ സൗരാഷ്ട്ര വെറും 24 ഓവറില്‍ 98 റണ്‍സിന് ഓള്‍ഔട്ടായി. ചേതേശ്വര്‍ പൂജാര ഉള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്മാര്‍ അണിനിരന്ന സൗരാഷ്ട്രയെയാണ് റെസ്റ്റ് ഓഫ് ഇന്ത്യ എറിഞ്ഞിട്ടത്.

ബൗളിംഗ് തുടങ്ങിയ ബംഗാള്‍ താരം മുകേഷ് കുമാറാണ് സൗരാഷ്ട്രയുടെ മുന്‍നിരയെ തകര്‍ത്തു വിട്ടത്. പിന്നാലെ പന്തെറിയാനെത്തിയ സെന്നും മാലിക്കും ഹൈ പേസ് ബൗളിംഗിലൂടെ സൗരഷ്ട്രയുടെ മധ്യനിരയും വാലറ്റവും പിഴുതെറിഞ്ഞു. പൂജാരയെ വീഴ്ത്തി കൊണ്ടാണ് സെന്‍ തുടങ്ങിയത്. 4 പന്തില്‍ വെറും 1 റണ്‍സായിരുന്നു പൂജാരയുടെ സംഭാവന. വന്മതില്‍ പവലിയനില്‍ തിരിച്ചെത്തുമ്പോള്‍ 5 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലായിരുന്നു സൗരാഷ്ട്ര. പിന്നീട് ഉമ്രാന്‍ കൂടി പന്തെറിയാന്‍ എത്തിയതോടെ കഥ മാറി. 145-150 റേഞ്ചിലായിരുന്നു ഉമ്രാന്റെ പന്തുകള്‍.

സെന്‍ 7 ഓവറില്‍ 41 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതു. മാലിക്കിന്റെ 5.5 ഓവറില്‍ 25 റണ്‍സാണ് സൗരാഷ്ട്ര നേടിയത്. മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. ഈ മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ടീമിനൊപ്പം സെന്നും മാലിക്കും പോകുന്നുണ്ട്. നെറ്റ് ബൗളര്‍മാരായിട്ട് പോകുന്നതെങ്കിലും ടീമിലാര്‍ക്കെങ്കിലും പരിക്ക് പറ്റിയാല്‍ ചിലപ്പോള്‍ അവസരവും കിട്ടിയേക്കും. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഇരുവരും ശ്രദ്ധയാകര്‍ഷിച്ചത്.

Related Articles

Back to top button