Cricket

ബവുമ സംഘ വീഴ്ച്ചയില്‍ സന്തോഷം ‘എഇപി’ ടീമുകള്‍ക്ക്; സെമി സമവാക്യത്തില്‍ അടിമുടി മാറ്റം!!

ഇത്തവണത്തെ ഏകദിന ലോകകപ്പിന് ഒരു പ്രത്യേകതയുണ്ട്. ലോകകപ്പ് രണ്ടാമത്തെ മാത്രം ആഴ്ച്ചയിലെത്തി നില്‍ക്കേ പോയിന്റ് നിലയില്‍ ഒരു പോയിന്റെങ്കിലും സ്വന്തമാക്കിയ ടീമുകളുടെ എണ്ണം 9 ആണ്. ശ്രീലങ്ക മാത്രമാണ് ഇതുവരെ ഒരു ജയം പോലും നേടാത്തത്.

ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് നാടകീയമായി വീഴ്ത്തിയതോടെ ഒരാഴ്ച്ചയ്ക്കുള്ളില്‍ നടന്നത് രണ്ട് വന്‍ അട്ടിമറികളാണ്. ആദ്യം അഫ്ഗാനിസ്ഥാന്‍ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തി, ഇപ്പോള്‍ ഡച്ചുകാര്‍ ആഫ്രിക്കന്‍ ശക്തികളെയും.

ദക്ഷിണാഫ്രിക്കന്‍ തോല്‍വിയോടെ ഈ ലോകകപ്പില്‍ ഇനി അപരാജിതരുടെ ലിസ്റ്റില്‍ അവശേഷിച്ചിരിക്കുന്നത് ഇന്ത്യയും ന്യൂസിലന്‍ഡും മാത്രം. ഏകപക്ഷീയമായ മല്‍സരങ്ങളിലൂടെ ലോകകപ്പ് ആവേശം കെട്ടുപോകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അഫ്ഗാനും ഡച്ചുകാരും ട്വിസ്റ്റുകളാല്‍ ടൂര്‍ണമെന്റിനെ സംഭവബഹുലമാക്കുന്നത്.

ഇംഗ്ലണ്ടിന്റെയും ദക്ഷിണാഫ്രിക്കയുടെയും തോല്‍വി സത്യത്തില്‍ ഓസ്‌ട്രേലിയയെയും പാക്കിസ്ഥാനെയും ഒക്കെയാണ് സന്തോഷിപ്പിക്കുന്നത്. ആദ്യ നാല് സ്ഥാനക്കാരുമായി വലിയ വ്യത്യാസം വന്നേക്കുമെന്ന അവസ്ഥയിലായിരുന്നു ഓസീസ്.

എന്നാല്‍ ഇംഗ്ലണ്ടും ആഫ്രിക്കക്കാരും തോറ്റതോടെ വലിയ പോയിന്റ് വ്യത്യാസം മൂന്നാം സ്ഥാനക്കാര്‍ മുതല്‍ എട്ടാം സ്ഥാനത്തുള്ള ഓസീസ് വരെയായിട്ടില്ല. അടുത്ത മല്‍സരങ്ങളില്‍ ജയിക്കുന്നതോടെ ഓസീസിന് പോയിന്റ് വ്യത്യാസം വീണ്ടും കുറയ്ക്കാന്‍ സാധിക്കും.

പാക്കിസ്ഥാനും ഇംഗ്ലണ്ടിനുമൊക്കെ ദക്ഷിണാഫ്രിക്കയുടെ തോല്‍വി വലിയ സന്തോഷമാണ് നല്‍കുന്നത്. നിലവിലെ അവസ്ഥയില്‍ ആരൊക്കെ സെമിയില്‍ എത്തുമെന്ന കാര്യത്തില്‍ ഒരു പ്രവചനത്തിനു പോലും പറ്റില്ലെന്നതാണ് സത്യം.

ഇന്ത്യയും ന്യൂസിലന്‍ഡും അപരാജിതരായി മുന്നേറുന്നുവെങ്കിലും എപ്പോള്‍ വേണമെങ്കിലും പോയിന്റ് പട്ടികയില്‍ മാറ്റം വരാമെന്ന അവസ്ഥയാണ്. അടുത്ത ആഴ്ച്ച നിര്‍ണായകമായ പല മല്‍സരങ്ങളും ഉണ്ട്.

ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ടോപ് ഫോറിലേക്ക് കടന്നു വരാനും സാധ്യത ഏറെയാണ്. ഇതിനു മുമ്പ് ലോകകപ്പുകളില്‍ വെറും 2 ജയം മാത്രം സ്വന്തമാക്കിയിരുന്ന ഡച്ചുകാര്‍ക്കും പോയിന്റ് പട്ടികയില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ സാധിക്കും.

മുമ്പ് സ്‌കോട്‌ലന്‍ഡ്, നമീബിയ ടീമുകളെയായിരുന്നു ഡച്ചുകാര്‍ ലോകകപ്പില്‍ തോല്‍പ്പിച്ചിരുന്നത്. ആദ്യമായിട്ടാണ് അവര്‍ ഒരു ടെസ്റ്റ് പദവിയുള്ള ടീമിനെ ലോകകപ്പില്‍ തോല്‍പ്പിച്ചത്. എന്തായാലും ലോകകപ്പ് കൂടുതല്‍ സംഭവബബഹുലം ആകുമെന്ന സൂചനകളാണ് വരുന്നത്.

Related Articles

Back to top button