Cricket

ഈ കപ്പ് 100 ശതമാനം അവര്‍ക്കുള്ളതാണ് !! ട്വന്റി20 ലോകകപ്പ് വിജയികളെ പ്രവചിച്ച് പാക്കിസ്ഥാന്റെ ഇതിഹാസ ബൗളര്‍

ട്വന്റി20 ലോകകപ്പില്‍ ഏവരും പ്രതീക്ഷിച്ചതു പോലെ ഇന്ത്യ സെമിയില്‍ എത്തിയിരിക്കുകയാണ്. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിനു തോല്‍പ്പിച്ചായിരുന്നു രോഹിതിന്റെയും സംഘത്തിന്റെയും സെമിഫൈനല്‍ പ്രവേശം.

ഇതോടെ 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ നേരിട്ട തോല്‍വിയ്ക്ക് മധുരപ്രതികാരം ചെയ്യാനും നീലപ്പടയ്ക്കായി. ഇന്ത്യയോടുള്ള തോല്‍വി ഓസീസിനെ ലോകകപ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

സെമിയില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെയും നേരിടും.

ഇത് ഇന്ത്യന്‍ ടീമിന്റെ ലോകകപ്പാണ് എന്നാണ് ഇതോടെ പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയിബ് അക്തര്‍ പറയുന്നത്.

‘വെല്‍ഡണ്‍ ഇന്ത്യ, ഇത് നിങ്ങളുടെ ലോകകപ്പാണ്. ഇന്ത്യന്‍ ടീം ഈ ട്വന്റി20 ലോകകപ്പ് നേടണം. അതോടെ വിശ്വ കിരീടം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തും. ഇന്ത്യന്‍ ടീം മുമ്പും ട്വന്റി20 ലോകകപ്പ് നേടിയിട്ടുണ്ട്.

ഈ ലോകകപ്പിന് അവകാശികള്‍ നീലപ്പടയാണെന്ന് 100 ശതമാനം തറപ്പിച്ച് പറയാം. എന്റെ പിന്തുണ നിങ്ങള്‍ക്കാണ്. ഓസീസിനെതിരേ രോഹിത് ശര്‍മയുടെ ഉദ്ദേശ്യം മികച്ചതായിരുന്നു. ട്വന്റി20 ലോകകപ്പ് 2024 ട്രോഫി ഉയര്‍ത്താന്‍ രോഹിത് ശര്‍മ അര്‍ഹനാണ്.

ജയിക്കേണ്ടിയിരുന്ന 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റ് മാനസികമായി തകര്‍ന്ന ഇന്ത്യന്‍ ടീമാണ് ഇപ്പോള്‍ ഓസീസിനെതിരേ ആധികാരിക ജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഓസീസിനെതിരേ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ ടീം ആഗ്രഹിച്ചിട്ടുണ്ടാകണം’ എന്നും അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ് കരുത്തില്‍ നിശ്ചിത 20 ഓവറില്‍ 205-5 എന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്.

രോഹിത് 41 പന്തുകളില്‍ ഏഴ് ഫോറും എട്ട് സിക്സറുകളും സഹിതം 92 റണ്‍സ് നേടിയാണ് മടങ്ങിയത്. ഓസീസിന്റെ മറുപടി ബാറ്റിംഗ് 20 ഓവറില്‍ 181-7 എന്ന സ്‌കോറില്‍ അവസാനിച്ചു.

43 പന്തില്‍ 76 റണ്‍സുമായി ട്രാവിസ് ഹെഡ് പോരാടിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരം പിടിച്ചെടുക്കുകയായിരുന്നു.
ഓസീസ് അതിശക്തമായ നിലയില്‍ നില്‍ക്കെ 37 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിനെ പുറത്താക്കാന്‍ അക്ഷര്‍ പട്ടേല്‍ അത്യുജ്ജല ക്യാച്ച് മത്സരഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

Related Articles

Back to top button