Cricket

അഭിനന്ദനം മാത്രമേയുള്ളൂ…പൈസയില്ല !! അമേരിക്കന്‍ ടീമിന് ഒരു മത്സരം കളിച്ചാല്‍ കിട്ടുന്നത് തുച്ഛമായ പ്രതിഫലം

ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്ത് ഇടിമുഴക്കമായിരിക്കുകയാണ് അമേരിക്കന്‍ ക്രിക്കറ്റ് ടീം.

സൂപ്പര്‍ ഓവര്‍ വരെ നീണ്ട ആവേശത്തിനൊടുവില്‍ ആയിരുന്നു അമേരിക്കയുടെ ജയം. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റണ്‍സെടുത്തപ്പോള്‍ മറുപടിയായി പാകിസ്ഥാന് 13 റണ്‍സാണ് നേടാനായത്.

ഇതോടെ അമേരിക്ക അഞ്ച് റണ്‍സിന്റെ അട്ടിമറി വിജയം നേടി. കളിയുടെ തുടക്കം മുതല്‍ പാകിസ്താന്റെ മികവിനെ പേടിക്കാതെ കളിച്ച അമേരിക്ക അര്‍ഹിച്ച വിജയം തന്നെയായിരുന്നു ഇത്.

പാക്കിസ്ഥാന്റെ 159 റണ്‍സ് പിന്തുടര്‍ന്ന അമേരിക്ക അവസാന മൂന്നു പന്തില്‍ 12 റണ്‍സ് നേടിയാണ് സമനില പിടിച്ചതും പിന്നീട് സൂപ്പര്‍ ഓവറില്‍ ജയിച്ചതും.

പാകിസ്ഥാന്‍ പോലെ ശക്തരായ ഒരു ടീമിനെ തോല്‍പിച്ച അമേരിക്ക ഇന്ത്യയടക്കം ഉള്ള ടീമുകള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

ഒറ്റ ജയം കൊണ്ട് അമേരിക്കന്‍ താരങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ഹീറോകള്‍ ആയെങ്കിലും അവരുടെ ജീവിതത്തില്‍ ഈ പകിട്ടുകളൊന്നുമില്ല.

ഒരൊറ്റ മത്സരം കളിച്ചാല്‍ ലക്ഷകണക്കിനും കോടിക്കണക്കിനും രൂപ കിട്ടുന്ന ടീമുകളുടെ കാലത്ത് വെറും 25000 രൂപയാണ് ഇവര്‍ക്ക് കിട്ടുന്നത്.

മത്സരങ്ങള്‍ ഇല്ലാത്ത ദിവസം മറ്റ് ജോലികള്‍ക്ക് പോയിട്ടാണ് അമേരിക്കന്‍ താരങ്ങളെല്ലാം ജീവിത ചിലവുകള്‍ നടത്തുന്നത്.
എന്നിരുന്നാലും ഈ ലോകകപ്പ് അമേരിക്കന്‍ താരങ്ങളുടെ തലവര മാറ്റുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button