Cricket

സൂപ്പര്‍താരത്തിനു പരിക്ക് !! പാക്കിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനുമായി നാളെ ഏറ്റുമുട്ടാനിരിക്കെ സൂപ്പര്‍ താരത്തിന്റെ പരിക്ക് ഇന്ത്യയെ ആശങ്കപ്പെടുത്തുകയാണ്.

പരിശീലനത്തിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മക്ക് കൈവിരലിന് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

എന്നാല്‍ ഇന്ത്യന്‍ നായകന്റെ പരിക്കിനെ കുറിച്ച് ടീം ഇതുവരെ ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. പരിശീലനത്തിനിടെ ഇടതു തള്ളവിരലിന് പരിക്കേറ്റെങ്കിലും രോഹിതിന് മെഡിക്കല്‍ ടീം പെട്ടെന്നുള്ള ശുശ്രൂഷ നല്‍കിയെന്നും പിന്നീട് അദ്ദേഹം പരിശീലനം പൂര്‍ത്തിയാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

അതേസമയം അയര്‍ലാന്‍ഡിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ ബാറ്റിംഗിനിടെ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയിരുന്നു.

ഐറിഷ് പേസര്‍ ജോഷ്വാ ലിറ്റിലിന്റെ പന്ത് ഇന്ത്യന്‍ നായകന്റെ കൈവിരലുകളില്‍ തട്ടിയതിനെത്തുടര്‍ന്നാണ് താരം കളിക്കളത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

മത്സരത്തില്‍ 37 പന്തില്‍ 52 റണ്‍സ് നേടി ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണായതും രോഹിതായിരുന്നു. നാലു ഫോറുകളും മൂന്ന് സിക്സുകളും ആണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡിനെ 96 റണ്‍സിന് പുറത്താക്കിയ ഇന്ത്യ. 12.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

അതേസമയം പാക്കിസ്ഥാനെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര പന്തിയല്ല. ആദ്യ മത്സരത്തില്‍ അവരെ ആതിഥേയരായ അമേരിക്ക അട്ടിമറിച്ചിരുന്നു.

ഇന്ത്യയ്‌ക്കെതിരേ വിജയിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് സൂപ്പര്‍ എട്ട് സാധ്യതകള്‍ നിലനിര്‍ത്താനാവൂ. ആദ്യ മത്സരത്തില്‍ കളിച്ച ടീമിനെത്തന്നെ ഇന്ത്യ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. പരിക്ക് മൂലം രോഹിത് ശര്‍മ കളിക്കാതിരുന്നാല്‍ മാത്രമേ ടീമില്‍ മാറ്റത്തിനു സാധ്യതയുള്ളൂ.

Related Articles

Back to top button