Cricket

ഹാര്‍ദികിനെതിരേ മാനേജ്‌മെന്റിനെ സമീപിച്ച് രോഹിത് ഗ്രൂപ്പ്!! പുറത്തു വരുന്ന വിവരങ്ങള്‍ ഇങ്ങനെ…

ഈ ഐപിഎല്ലില്‍ വളരെ നിരാശാജനകമായ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് പുറത്തെടുത്തത്. കളിച്ച 12 മത്സരങ്ങളില്‍ എട്ടിലും തോറ്റ അവര്‍ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യടീമായി മാറിയിരുന്നു.

ഇതിനു പിന്നാലെ മുംബൈ ക്യാമ്പില്‍ നിന്ന് മറ്റൊരു റിപ്പോര്‍ട്ടു കൂടി ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്.

ടീം അംഗങ്ങളോടുള്ള ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം സമീപനത്തിനെതിരെ സീനിയര്‍ താരങ്ങള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടീം മാനേജ്‌മെന്റിനോട് പരാതി പറഞ്ഞുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രോഹിത്തിന് പുറമെ ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ് എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങളാണ് ടീം മാനേജ്‌മെന്റിനോട് പരാതിപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള പരാതികളും ടീമിന്റെ മോശം പ്രകടനത്തിനുള്ള കാരണങ്ങളും ടീമിനെ എങ്ങനെയാണ് മുന്നോട്ട് നയിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളും ഇവര്‍ മാനേജ്‌മെന്റിന് മുന്നില്‍ വെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനുശേഷം ടീം മാനേജ്‌മെന്റ് പ്രതിനിധികള്‍ സീനിയര്‍ താരങ്ങളെ ഓരോരുത്തരെയുംവ്യക്തിപരമായി കണ്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം തോറ്റ ശേഷം യുവതാരം തിലക് വര്‍മയെ ഹാര്‍ദിക് കുറ്റപ്പെടുത്തിയത് ടീമംഗങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

അക്ഷര്‍ പട്ടേല്‍ പന്തെറിയുമ്പോള്‍ ക്രീസിലുണ്ടായിരുന്ന ഇടം കൈയന്‍ ബാറ്റര്‍ ആക്രമിച്ചു കളിക്കേണ്ടതായിരുന്നുവെന്നും കളിയെക്കുറിച്ച് കുറച്ച് ധാരണയുള്ളവര്‍ ചെയ്യുന്ന കാര്യമായിട്ടും തങ്ങള്‍ക്കത് ചെയ്യാനായില്ലെന്നും മത്സരശേഷം ഹാര്‍ദിക് തിലക് വര്‍മയുടെ പേരെടുത്ത് പറയാതെ കുറ്റപ്പെടുത്തിയിരുന്നു.

മത്സരത്തില്‍ തോല്‍വിയിലേക്ക് നയിച്ചത് അതാണെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. ഇതും ടീം അംഗങ്ങളെ ചൊടിപ്പിച്ചുവെന്നും മാനേജ്‌മെന്റിനോട് പരാതിപ്പെട്ടപ്പോള്‍ ഇക്കാര്യവും ടീമംഗങ്ങള്‍ വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയുള്ള രണ്ടു മത്സരം ജയിച്ച് മുഖം രക്ഷിക്കുക മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് സീസണില്‍ അവശേഷിക്കുന്ന കാര്യം.

Related Articles

Back to top button