Cricket

അമേരിക്കയ്‌ക്കെതിരേ ഹാരിസ് റൗഫിന്റെ പന്തു ചുരണ്ടല്‍ !! പുതിയ വിവാദത്തിലകപ്പെട്ട് പാക് ടീം

ട്വന്റി20 ലോകകപ്പില്‍ അമേരിക്കയോടേറ്റ ഞെട്ടിക്കുന്ന പരാജയത്തിനു പിന്നാലെ പാക്കിസ്ഥാന്‍ ടീമിന് തിരിച്ചടിയായി പുതയി വിവാദം.

പന്തു ചുരണ്ടല്‍ ആരോപണമാണ് ഇപ്പോള്‍ പാക് ടീമിനെതിരേ ഉയര്‍ന്നിരിക്കുന്നത്. യുഎസിനെതിരെ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെ പാക്ക് താരം ഹാരിസ് റൗഫ് പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരത്തില്‍ യുഎസ് വിജയിച്ചതിനു പിന്നാലെയാണു പുതിയ വിവാദം ഉയരുന്നത്. ദക്ഷിണാഫ്രിക്ക മുന്‍ പേസര്‍ റസ്റ്റി തെറോണാണ് സമൂഹമാധ്യമത്തിലൂടെ ഹാരിസ് റൗഫിനെതിരായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ ടാഗ് ചെയ്തായിരുന്നു പരാമര്‍ശം. യുഎസിനെതിരായ പോരാട്ടത്തില്‍ ബൗളിംഗില്‍ തിളങ്ങാന്‍ ഹാരിസ് റൗഫിനു സാധിച്ചിരുന്നില്ല.

നാലോവറുകള്‍ പന്തെറിഞ്ഞ ഹാരിസ് റൗഫ് 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. പന്തെറിയുന്നതിനിടെ ഹാരിസ് റൗഫ് നഖം ഉപയോഗിച്ച് ന്യൂബോളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചെന്നാണ് ദക്ഷിണാഫ്രിക്ക മുന്‍ താരത്തിന്റെ ആരോപണം.

ഹാരിസ് വിരലുകള്‍കൊണ്ട് ന്യൂബോളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നതു വ്യക്തമായിരുന്നെന്നും റസ്റ്റി തെറോണ്‍ പറയുന്നു. സംഭവത്തില്‍ പാക്കിസ്ഥാനെതിരെ യുഎസ് ക്രിക്കറ്റ് ടീം ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്തപ്പോള്‍ യുഎസിന്റെ മറുപടി മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 159ല്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് കളി സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത യുഎസ് 18 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന് നേടാനായത് 13 റണ്‍സ് മാത്രമായിരുന്നു.

ഇന്ത്യന്‍ വംശജനായ പേസ് ബോളര്‍ സൗരഭ് നേത്രവല്‍ക്കറിന്റെ ബൗളിംഗാണ് പാക്കിസ്ഥാന്റെ വിജയ പ്രതീക്ഷകള്‍ തകര്‍ത്തത്. തോല്‍വിയോടെ പാക്കിസ്ഥാന്റെ സൂപ്പര്‍ എട്ട് പ്രവേശനം അനശ്ചിതത്വത്തിലായിരിക്കുകയുമാണ്. ഇതിനിടയിലാണ് കൂനിന്മേല്‍ കുരു പോലെ പന്തു ചുരണ്ടല്‍ വിവാദം കൂടി വന്നിരിക്കുന്നത്.

സമീപകാലത്തായി വിവാദങ്ങളുടെ കളിത്തോഴനാണ് ഹാരിസ് റൗഫ്. നേരത്തെ പാക് ടീമിനായി കളിക്കാതെ ബിഗ്ബാഷ് ലീഗ് കളിക്കാന്‍ പോയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. പാക് ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുമ്പോഴായിരുന്നു ഇത്. തുടര്‍ന്ന് താരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജൂണ്‍ 30 വരെ വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് താരത്തെ വിലക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button