Cricket

കുടുംബക്കാരുടെ പോര് മഴ കൊണ്ടുപോയി !! ഇംഗ്ലണ്ടിനെ വിറപ്പിച്ച് സ്‌കോട്ട്‌ലന്‍ഡ്

ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടും സ്‌കോട്ട്‌ലന്‍ഡും തമ്മില്‍ നടന്ന മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതേത്തുടര്‍ന്ന് ഇരു ടീമുകളും ഓരോ പോയിന്റുകള്‍ വീതം പങ്കുവെച്ചു.

ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സ്‌കോട്ട്‌ലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ മൈക്കല്‍ ജോണ്‍സും ജോര്‍ജ് മുന്‍സിയും ചേര്‍ന്ന് മികച്ച തുടക്കമാണ് അവര്‍ക്ക് നല്‍കിയത്.

പവര്‍പ്ലേയില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ക്കായി. എന്നാല്‍ ഏഴാം ഓവറിലെ രണ്ടാം പന്ത് എറിഞ്ഞപ്പോഴേക്കും മഴയെത്തുകയായിരുന്നു.

മഴ തോര്‍ന്നതിനെത്തുടര്‍ന്ന് കളി പുനരാരംഭിച്ചതോടെ സ്‌കോട്ടിഷ് ഓപ്പണര്‍മാര്‍ ആക്രമണ ബാറ്റിംഗ് കെട്ടഴിച്ചു വിടുകയായിരുന്നു.

എന്നാല്‍ ആ ആവേശം അധികം നീണ്ടു നിന്നില്ല. കളി പത്തോവര്‍ പിന്നിട്ടതോടെ മഴ വീണ്ടുമെത്തുകയായിരുന്നു.
10 ഓവറില്‍ 90 റണ്‍സാണ് സ്‌കോട്ടിഷ് ഓപ്പണര്‍മാര്‍ കൂട്ടിച്ചേര്‍ത്തത്.

ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിന് 10 ഓവറില്‍ 109 റണ്‍സായി വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചെങ്കിലും മഴ കൂടുതല്‍ ശക്തമായതോടെ കളി ഉപേക്ഷിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ട്വന്റി20 ലോകകപ്പില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെതിരേ അവര്‍ നേടിയത്.

ഇതോടെ രാജ്യാന്തര ട്വന്റി20യില്‍ യൂറോപ്യന്‍ രാജ്യത്തിനെതിരായ ആദ്യ ജയത്തിനായി ഇംഗ്ലണ്ട് ഇനിയും കാത്തിരിക്കേണ്ടി വരും.

ഇംഗ്ലണ്ട് ട്വന്റി20യില്‍ ഇന്നലത്തേതുള്‍പ്പെടെ അഞ്ചു തവണയാണ് യൂറോപ്യന്‍ രാജ്യങ്ങളുമായി ഏറ്റുമുട്ടിയിട്ടുള്ളത്.

ഇതില്‍ മൂന്നു തവണയും തോല്‍ക്കാനായിരുന്നു അവരുടെ വിധി. സ്‌കോട്ട്‌ലന്‍ഡിനെതിരായതുള്‍പ്പെടെ രണ്ടു മത്സരങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയ്‌ക്കെതിരേ ജൂണ്‍ എട്ടിനാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

Related Articles

Back to top button