Cricket

പഴിയെല്ലാം പന്തിന്, സൂത്രത്തില്‍ രക്ഷപ്പെടുന്നത് ഹൂഡയും കാര്‍ത്തിക്കും!

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ദുര്‍ബല കണ്ണികള്‍ ഏതൊക്കെയാണ്. കൂടുതല്‍ പേരും കുറ്റപ്പെടുത്തുന്നത് റിഷാഭ് പന്തിനെയാണ്. എന്നാല്‍, പന്തിനേക്കാളും മോശം പ്രകടനം നടത്തുന്ന രണ്ടുപേര്‍ ഇന്ത്യന്‍ ടീമിലുണ്ട്. അത് ദിനേഷ് കാര്‍ത്തിക്കും ദീപക് ഹൂഡയുമാണ്. അയര്‍ലന്‍ഡിനെതിരായ ഒരു തകര്‍പ്പന്‍ പ്രകടനത്തിന്റെ പേരിലാണ് ഹൂഡ ഇത്രനാളും ടീമില്‍ പിടിച്ചു നില്‍ക്കുന്നത്.

അവസാനം കളിച്ച 7 ട്വന്റി-20 ഇന്നിംഗ്‌സുകളില്‍ നിന്ന് ഹൂഡയുടെ സംഭാവന 6,22,3,16,1,38,21 എന്നിങ്ങനെ പോകുന്നു. വ്യത്യസ്ത പൊസിഷനുകളില്‍ പരീക്ഷിച്ചെങ്കിലും ഒരിടത്തു പോലും കാര്യമായ പ്രകടനം നടത്താന്‍ ഹൂഡയ്ക്ക് സാധിച്ചില്ല. അയര്‍ലന്‍ഡിലെ ചെറിയ ഗ്രൗണ്ടില്‍ സെഞ്ചുറി നേടിയതിന്റെ ആനുകൂല്യമാണ് ഇത്രയും കാലം ഹൂഡയ്ക്ക് ടീമിലെ സ്ഥാനം പോകാതെ കാത്തത്.

ഓള്‍റൗണ്ടര്‍ എന്നതാണ് ഹൂഡയുടെ അധിക യോഗ്യതയായി സെലക്ടര്‍മാര്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ മിക്ക മല്‍സരങ്ങളിലും ഹൂഡയെ പന്തേല്‍പ്പിക്കാന്‍ ക്യാപ്റ്റന്‍മാര്‍ ധൈര്യപ്പെടുന്നതുമില്ല. അവസാനം കളിച്ച പത്തില്‍ ആറെണ്ണത്തിലാണ് ഹൂഡയ്ക്ക് പന്തെറിയാന്‍ നല്‍കിയത്. ആകെ രണ്ട് വിക്കറ്റ് മാത്രമാണ് നേടിയതും. ബാറ്റുകൊണ്ടും പന്തുകൊണ്ടും സംഭാവന നല്‍കാത്ത താരമായി ഹൂഡ മാറിയിരിക്കുന്നു.

ഐപിഎല്ലിലെ കേവലം കുറച്ചു മല്‍സരങ്ങളിലെ ചില പ്രകടനങ്ങളുടെ മാത്രം മികവില്‍ 37 മത്തെ വയസില്‍ ടീമിലെത്തിയ താരമാണ് ദിനേഷ് കാര്‍ത്തിക്. ഹൂഡയെ പോലെ അവസാന 10 ഇന്നിംഗ്‌സില്‍ കൊള്ളാവുന്നൊരു ഇന്നിംഗ്‌സ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്‍ഡോര്‍ ട്വന്റി-20യിലെ 46 റണ്‍സിലൊതുങ്ങും. ബാക്കിയുള്ള മിക്ക കളികളിലും അവസാന ഓവറുകളില്‍ ഇറങ്ങിയിട്ട് പോലും നല്ല സ്‌ട്രൈക്ക് റേറ്റ് പോലും കാര്‍ത്തിക്കിനില്ല.

ഐപിഎല്‍ അല്ല അന്താരാഷ്ട്ര ക്രിക്കറ്റെന്ന് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇതുവരെ മനസിലാക്കിയിട്ടില്ലെന്നതിന്റെ ഉദാഹരണങ്ങള്‍ സമീപകാല സെലക്ഷനുകളില്‍ ഏറെയുണ്ട്. വെങ്കിടേഷ് അയ്യരും റിതുരാജ് ഗെയ്ക്കുവാദും മുതല്‍ ഹര്‍ഷല്‍ പട്ടേല്‍ വരെയുള്ളവര്‍ ഐപിഎല്‍ പുലികളായി ഇന്ത്യന്‍ ജേഴ്‌സിയില്‍ വെറും എലികളാകുന്നത് നമ്മള്‍ പലകുറി കണ്ടതാണ്. ഇത്തവണത്തെ ട്വന്റി-20 ലോകകപ്പ് ഒരുപക്ഷേ ഇത്തരമൊരു തിരിച്ചറിവിനുള്ളതാകും.

Related Articles

Back to top button