Cricket

പന്ത്, ഹൂഡ, കാര്‍ത്തിക്… ദയനീയം; രണ്ടാംനിരയോട് ഇന്ത്യയ്ക്ക് അവിശ്വസനീയ തോല്‍വി!

ലോകകപ്പിനായി എത്തി രണ്ടാം പരിശീലന മല്‍സരം കളിച്ച ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ടീമാണ് ശക്തര്‍ അണിനിരന്ന ഇന്ത്യയെ വീഴ്ത്തിയത്. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ ടോപ്‌സ്‌കോററായ മല്‍സരത്തില്‍ 36 റണ്‍സിനായിരുന്നു തോല്‍വി. രാഹുല്‍ 55 പന്തില്‍ 74 റണ്‍സെടുത്തു. 169 റണ്‍സായിരുന്നു വിജയലക്ഷ്യം.

മധ്യനിരയാണ് ഇന്ത്യയ്ക്കായി പണിയെടുക്കാതെ ഇരുന്നത്. റിഷാഭ് പന്ത് (11 പന്തില്‍ 9), ദീപക് ഹൂഡ (9 പന്തില്‍ 6), ദിനേഷ് കാര്‍ത്തിക് (14 പന്തില്‍ 10) എന്നിവര്‍ വളരെ മോശം പ്രകടനമാണ് നടത്തിയത്. ഈ മൂവരും അടുത്ത കാലത്ത് നല്ലൊരു ഇന്നിംഗ്‌സ് കളിച്ചിട്ടില്ലെന്നത് ലോകകപ്പിലേക്ക് ഇന്ത്യയ്ക്ക് വലിയ ഭീതിയാണ് സമ്മാനിക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യ കുറച്ചു നേരമേ ക്രീസില്‍ നിന്നുള്ളുവെങ്കിലും മൊമന്റം നശിപ്പിച്ചില്ല. 9 പന്തില്‍ 17 റണ്‍സെടുത്താണ് ഹാര്‍ദിക് മടങ്ങിയത്. പവര്‍പ്ലേയില്‍ വെറും 29 റണ്‍സാണ് ടീം നേടിയത്.

ആദ്യം ഫീല്‍ഡ് ചെയ്ത ഇന്ത്യയ്ക്കായി ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരിശീലന മല്‍സരത്തില്‍ കരുത്തുകാട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍. കഴിഞ്ഞ മല്‍സരത്തില്‍ ഏറെ പഴികേട്ട ഹര്‍ഷല്‍ പട്ടേലിന്റെ തിരിച്ചുവരവാണ് ഏറെ പ്രധാന്യം അര്‍ഹിക്കുന്നത്. ഹര്‍ഷലിനൊപ്പം രവിചന്ദ്ര അശ്വിനും തകര്‍പ്പന്‍ ബൗളിംഗുമായി തിളങ്ങി. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ 20 ഓവറില്‍ 8 വിക്കറ്റിന് 168 റണ്‍സാണ് എടുത്തത്.

സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്ലി, യുഷ്‌വേന്ദ്ര ചഹാല്‍ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. കെ.എല്‍ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. തുടക്കത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ കടന്നാക്രമണമാണ് കണ്ടത്. ആദ്യ ഓവറുകളില്‍ അത്ര മെച്ചമുള്ള ബൗളിംഗ് ആയിരുന്നില്ല ഇന്ത്യ നടത്തിയത്. 6 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 64 റണ്‍സെന്ന നിലയിലായിരുന്നു വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ.

അശ്വിന്‍ പന്തെറിയാന്‍ എത്തിയതോടെ സ്‌കോര്‍ പതിയെ പിടിച്ചു നിര്‍ത്താന്‍ ഇന്ത്യയ്ക്കായി. 10 ഓവറില്‍ ഒരു വിക്കറ്റിന് 78 റണ്‍സിലായിരുന്നു എതിരാളികള്‍. 15 ഓവര്‍ എത്തിയപ്പോള്‍ മൂന്നു വിക്കറ്റിന് 127 റണ്‍സിലെത്തിയിരുന്നു ബിഗ് ബാഷ് കളിക്കാര്‍ അണിനിരന്ന വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ. എന്നാല്‍ അവസാന അഞ്ചോവറുകളില്‍ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി.

അശ്വിന്‍ പന്തെറിഞ്ഞ പതിനേഴാം ഓവറില്‍ വെറും രണ്ട് റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റാണ് വീഴ്ത്തിയത്. അശ്വിന്‍ 33 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും ഹര്‍ഷല്‍ 27 റണ്‍സിന് രണ്ടു വിക്കറ്റും വീഴ്ത്തി.

Related Articles

Back to top button