Cricket

കേരളത്തിന് പുതിയ ഐപിഎല്‍ ടീം? ബിസിസിഐ പട്ടികയില്‍ കൊച്ചിയും!!

അടുത്ത സീസണ്‍ മുതല്‍ കൊച്ചിയ്ക്കു വീണ്ടും ഐപിഎല്‍ ടീമിനെ കിട്ടുമോ? ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ചാണെങ്കില്‍ കൊച്ചിക്കുള്ള സാധ്യതകള്‍ ഏറെയാണ്. പുരുഷ വിഭാഗത്തിലല്ല വനിതാ വിഭാഗത്തില്‍ ആണെന്ന് മാത്രം. അടുത്ത മാര്‍ച്ചില്‍ ആരംഭിക്കുന്ന വനിതാ ഐപിഎല്ലിലേക്കുള്ള ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത സിറ്റികളില്‍ കൊച്ചിയുമുണ്ട്.

അഞ്ച് ടീമുകളാണ് വനിതാ ഐപിഎല്ലിന്റെ പ്രാഥമിക എഡിഷനില്‍ ഉണ്ടാകുക. പുരുഷ ടീമുകളുള്ള സിറ്റികള്‍ക്കോ സംസ്ഥാനങ്ങള്‍ക്കോ വനിതാ ടീമുകളെ ലഭിക്കില്ല. ദക്ഷിണമേഖലയില്‍ നിന്ന് കൊച്ചിയും വിശാഖപട്ടണവുമാണ് ലിസ്റ്റിലുള്ളത്. മറ്റ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത സിറ്റികള്‍ ഇവയാണ്- ധര്‍മശാല, ജമ്മു (നോര്‍ത്ത് സോണ്‍), പൂനെ, രാജ്‌കോട്ട് (വെസ്റ്റ് സോണ്‍), ഇന്‍ഡോര്‍,നാഗ്പൂര്‍,റായ്പൂര്‍ (സെന്‍ട്രല്‍ സോണ്‍), റാഞ്ചി,കട്ടക്ക് (ഈസ്റ്റ് സോണ്‍), ഗുവഹാത്തി (നോര്‍ത്ത്ഈസ്റ്റ് സോണ്‍)

കൊച്ചി ആസ്ഥാനമായി വീണ്ടുമൊരു ഐപിഎല്‍ ടീമിന് മോഹന്‍ലാലും പ്രിയദര്‍ശനും മറ്റു ചില ബിസിനസുകാരും നേരത്തെ ശ്രമം തുടങ്ങിയിരുന്നു. ഇത്തവണ വനിതാ ഐപിഎല്ലിലേക്ക് പുതിയ ടീമുകളെ വിളിക്കുമ്പോള്‍ ഇവര്‍ വീണ്ടും രംഗത്തു വരുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്.

പുരുഷ വിഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ഹോംആന്‍ഡ് എവേ രീതിയില്‍ ആകില്ല വനിതാ ഐപിഎല്ലില്‍ മല്‍സരങ്ങള്‍. ആകെ 22 മല്‍സരങ്ങളാകും ഉണ്ടാകുക. ആദ്യത്തെ 10 മല്‍സരങ്ങള്‍ ഒരു സ്റ്റേഡിയത്തില്‍. അടുത്ത 10 വേറൊരു സ്റ്റേഡിയത്തില്‍. ഫൈനലും ഒരു ക്വാളിഫയറും അവസാന സ്റ്റേഡിയത്തില്‍. ഇങ്ങനെയാകും മല്‍സരങ്ങള്‍.

Related Articles

Back to top button