Cricket

ഒരേ സ്‌റ്റേഡിയത്തില്‍ രണ്ടു മല്‍സരം നടത്താന്‍ ഐസിസിക്ക് കൃത്യമായ കാരണങ്ങളുണ്ട്!

ലോകകപ്പില്‍ ഒരേ സ്റ്റേഡിയത്തില്‍ ഒരു മണിക്കൂര്‍ ഇടവേളയില്‍ രണ്ട് മല്‍സരങ്ങള്‍ നടത്തുന്നതിനെതിരേ ആരാധകര്‍ രംഗത്ത്. ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് മല്‍സരം മഴമൂലം ഇടയ്ക്കുവച്ച് നിര്‍ത്തേണ്ടി വന്നതും ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മല്‍സരം പന്തെറിയാതെ ഉപേക്ഷിച്ചതുമാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

രണ്ടാം മല്‍സരം ഉള്ളതിനാല്‍ ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് മല്‍സരം നേരത്തെ അവസാനിപ്പിക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചതെന്നാണ് ഇംഗ്ലീഷ് ആരാധകരുടെ വിമര്‍ശനം. സ്റ്റേഡിയം നിറയാന്‍ സാധ്യതയില്ലാത്ത ടീമുകളുടെ മല്‍സരങ്ങളാണ് ഒരേ സ്റ്റേഡിയത്തില്‍ ഒരു മണിക്കൂര്‍ ഇടവേളയില്‍ നടത്തുന്നത്. ഇതുവഴി വലിയ തോതില്‍ ചെലവ് കുറയ്ക്കാന്‍ ഐസിസിക്ക് സാധിക്കുന്നുണ്ട്.

ഇന്ത്യ പോലെ ഗ്യാലറികളിലേക്ക് വന്‍തോതില്‍ ആരാധകരെ എത്തിക്കാന്‍ പറ്റുന്ന മല്‍സരങ്ങള്‍ മാത്രമാണ് ഒരു സ്റ്റേഡിയത്തില്‍ ഒറ്റ മല്‍സരമായി നടത്തുന്നത്. ഇതില്‍ തന്നെ ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് മല്‍സരത്തിനും വ്യത്യാസമുണ്ട്. അന്ന് സിഡ്‌നിയില്‍ രണ്ട് മല്‍സരങ്ങളുണ്ട്. ബംഗ്ലാദേശ്-ദക്ഷിണാഫ്രിക്ക മല്‍സരത്തിന് ശേഷമാണ് ഇന്ത്യ-ഡച്ച് പോരാട്ടം.

ഗേറ്റ് കളക്ഷനില്‍ നിന്ന് വലിയ തോതില്‍ വരുമാനം ലഭിക്കില്ലാത്തതിനാല്‍ ഒരേ സ്‌റ്റേഡിയത്തില്‍ രണ്ട് മല്‍സരങ്ങള്‍ നടത്തുന്നതാണ് ഐസിസിക്ക് ലാഭം. ഗ്രൗണ്ട് സ്റ്റാഫ് മുതല്‍ കളി നിയന്ത്രിക്കാന്‍ ഉള്ള ഒഫീഷ്യല്‍സ് വരെ ഒരേ ആള്‍ക്കാരെ ഉപയോഗിക്കാം. വലിയ സാമ്പത്തികലാഭം ഇത്തരത്തില്‍ നേടാന്‍ ഐസിസിക്ക് സാധിക്കും.

ട്വന്റി-20 ലോകകപ്പ് ആരംഭിച്ചതു മുതല്‍ ഇതേ രീതിയാണ് ഐസിസി പിന്തുടരുന്നത്. ചില പ്രധാനപ്പെട്ട മല്‍സരങ്ങള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ മാറ്റമുള്ളത്. ആരാധകരുടെ പ്രതിഷേധം ഉണ്ടെങ്കിലും സമീപഭാവിയിലും ഈ രീതി തന്നെ തുടരാനാണ് സാധ്യത.

Related Articles

Back to top button