Cricket

സഞ്ജു 2.0 ഇന്ത്യയുടെ പുതിയ മില്ലര്‍!! ലക്ഷ്യം ഫിനിഷിംഗ് മാത്രം!!

ഇന്ത്യന്‍ ടീമില്‍ തനിക്ക് പുതിയ ദൗത്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയിരുന്നു. ഫിനിഷറുടെ റോളിലേക്കാണ് ടീം മാനേജ്‌മെന്റ് തന്നോട് തയാറെടുക്കാന്‍ നിര്‍ദേശിച്ചതെന്നും സഞ്ജു ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഒരൊറ്റ പരമ്പര കൊണ്ട് തന്നെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന താരമായി സഞ്ജു മാറി.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഡേവിഡ് മില്ലര്‍ എന്ത് റോള്‍ ചെയ്യുന്നുവോ അതേ രീതിയിലാകും ഇന്ത്യ ഭാവിയില്‍ സഞ്ജുവിനെ ഉപയോഗിക്കുക. റണ്‍നിരക്കിന് വേഗം വേണ്ടപ്പോള്‍ അതിനുവേണ്ടി ശ്രമിക്കുന്ന, വിക്കറ്റുകള്‍ വീഴുമ്പോള്‍ അമരക്കാരനാകുന്ന, അവസാന ഓവറുകളില്‍ കടന്നാക്രമണം നടത്തുന്ന ബാറ്റ്‌സ്മാനാണ് മില്ലര്‍. സഞ്ജുവിലും ഈ ഗുണങ്ങള്‍ ഉണ്ട്.

മില്ലറുടെ റോളില്‍ കളിക്കാവുന്ന ഒരുപാട് താരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ ഇല്ലെന്നതാണ് സത്യം. ഹര്‍ദിക് പാണ്ഡ്യയില്‍ ഒതുങ്ങുന്നു അത്തരത്തിലൊരു കളിക്കാരന്‍. ഈ അവസ്ഥയിലാണ് സഞ്ജുവിന്റെ വരവ്. ഏതു രീതിയിലും സഞ്ജുവിനെ ഉപയോഗിക്കാന്‍ സാധിക്കുന്നത് കോച്ച് രാഹുല്‍ ദ്രാവിഡിന് നല്‍കുന്ന ആനുകൂല്യം വളരെ വലുതാണ്.

ഐപിഎല്‍ നിരവധി കളിക്കാര്‍ക്ക് അവസരം നല്‍കിയെങ്കിലും ക്വാളിറ്റി താരങ്ങളുടെ കുറവ് വലിയൊരു പ്രശ്‌നം തന്നെയാണ്. ട്വന്റി-20യ്ക്കു വേണ്ടുന്ന അഡ്ജസ്റ്റ്‌മെന്റ് താരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഐപിഎല്ലിലൂടെ കടന്നു വരുന്നത്. ഇത് ഇന്ത്യന്‍ ടീമില്‍ പ്രതിഭാദാരിദ്രത്തിന് വഴിയൊരുക്കിയിട്ടുണ്ട്. സഞ്ജുവിന്റെ സാന്നിധ്യം മധ്യനിരയ്ക്ക് കരുത്തു പകരുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button