Football

ബ്ലാസ്റ്റേഴ്‌സിനെതിരേ ഗോകുലവും കെഎഫ്എയും ഒത്തുകളിക്കുന്നു; ഗുരുതര ആരോപണം

കേരള വനിതാ ലീഗില്‍ ഗോകുലം കേരള എഫ്‌സിയെ സഹായിക്കാന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഒത്തുകളിക്കുന്നതായി ആരോപണം. മഞ്ഞപ്പട ഫാന്‍സ് ഗ്രൂപ്പാണ് കെഎഫ്എയ്‌ക്കെതിരേ രംഗത്തു വന്നിരിക്കുന്നത്. ഗോകുലത്തിന് സൗകര്യപ്രദമായി ഫിക്‌സ്ചറുകള്‍ മാറ്റി നല്‍കുന്ന കെഎഫ്എ ബ്ലാസ്റ്റേഴ്‌സിനെ മനപൂര്‍വം ദ്രോഹിക്കുകയാണെന്ന് ആരാധകര്‍ ആരോപിച്ചു.

മഞ്ഞപ്പട മുന്നോട്ടു വയ്ക്കുന്ന ആരോപണങ്ങളില്‍ ചിലത്- ഒരു എതിരാളിയായി ബ്ലാസ്റ്റേഴ്സ് വിമന്‍സ് ടീം വന്നപ്പോള്‍ അത് നേരിട്ടത് ഒരു ദിവസത്തെ മാത്രം ഇടവേള കൊടുത്തു രണ്ടാം മത്സരത്തിന് ഇറക്കിയാണ്. മത്സരങ്ങള്‍ക്കിടയില്‍ 12 ദിവസം വരെ ബ്ലാസ്റ്റേഴ്സ്‌ന് ഇടവേളയുണ്ടായിരുന്ന ഫിക്‌സ്ചറുകളിലാണ് ഇത് നടന്നത്.

നാഷണല്‍ ടീം ക്യാമ്പിനും സാഫ് കപ്പിനുമൊക്കെ ബ്ലാസ്റ്റേഴ്സ് കളിക്കാര്‍ പങ്കെടുത്തപ്പോള്‍ മറ്റുള്ള കളിക്കാര്‍ മാത്രം ഉള്‍പ്പെട്ട ടീമാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയിറങ്ങിയത്. ഇതേ അവസ്ഥ നേരിട്ട ‘പ്രമുഖ’ ക്ലബിന് ഫിക്‌സ്ചര്‍ മാറ്റിക്കൊടുത്ത് കൊണ്ടാണ് കെഎഫ്എ വാത്സല്യം പ്രകടിപ്പിച്ചത്.

നിര്‍ണ്ണായകമായ അവസാന കളികളിലെ ഫിക്‌സ്ചര്‍ അമ്പാടെ മാറ്റിയത് പ്രമുഖ ടീമിന് മേല്‍ക്കൈ നേടി കൊടുക്കാന്‍ സംഘാടകര്‍ കളിച്ച കളത്തിനു പുറത്തെ കളി ആയിട്ട് വേണം അനുമാനിക്കാന്‍.

ഈ വിഷയത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഒരു പരാതിയും ഔദ്യോഗികമായി നല്‍കിയിട്ടില്ല. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരണമൊന്നും നടത്തിയിട്ടുമില്ല. വരും ദിവസങ്ങളില്‍ വിഷയം കൂടുതല്‍ വിവാദമായേക്കാം.

Related Articles

Back to top button