Cricket

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറ്റം പറഞ്ഞവന്മാരെയൊക്കെ ഇങ്ങുവിളി !! ബംഗളൂരുവിനെ തകര്‍ത്തത് സഞ്ജുവിന്റെ തന്ത്രങ്ങള്‍

ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരിക്കുകയാണ്.

നാലു വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആര്‍സിബിക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാനായത്. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ ഒരോവറും നാല് വിക്കറ്റും ബാക്കിയാക്കി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തന്ത്രങ്ങളായിരുന്നു. അവസാന ആറ് മത്സരത്തിലും ജയിച്ച് വലിയ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ആര്‍സിബിക്കെതിരേ വ്യത്യസ്ഥമായ തന്ത്രമാണ് സഞ്ജു പ്രയോഗിച്ചത്.

ആര്‍സിബിയുടെ ബാറ്റര്‍മാരുടെ ദൗര്‍ബല്യം മനസ്സിലാക്കി ബൗളിംഗ് ചേഞ്ചിംഗ് കൊണ്ടുവന്നതാണ് നിര്‍ണായകമായത്.

ആര്‍സിബിയുടെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് അവരുടെ ശക്തി. വിരാട് കോഹ്‌ലി, ഫഫ് ഡുപ്ലെസി എന്നിവരുടെ വിക്കറ്റ് പ്രധാനപ്പെട്ടതായതിനാല്‍ പവര്‍പ്ലേയില്‍ത്തന്നെ ട്രെന്റ് ബോള്‍ട്ടിന് സഞ്ജു മൂന്ന് ഓവര്‍ നല്‍കി.

ഈ തന്ത്രം ഫലം കാണുകയും ചെയ്തു. ബോള്‍ട്ട് തന്റെ മൂന്നാം ഓവറില്‍ ഫഫ് ഡുപ്ലെസിസിനെ പുറത്താക്കി. ഇതോടെ ആര്‍സിബി ചെറുതായി ഒന്നു പതറി.

എന്നാല്‍ വിരാട് കോഹ് ലിയെ യൂസ്വേന്ദ്ര ചഹലിനെ ഉപയോഗിച്ച് പൂട്ടിയതാണ് കളിയില്‍ ഏറെ നിര്‍ണായകമായത്. ചഹലിനെ സിക്‌സറിനു പറത്താനുള്ള കോഹ് ലിയെ ബൗണ്ടറി ലൈനില്‍ സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ ഡൊണോവാന്‍ ഫെരേരപിടികൂടുകയായിരുന്നു.

പരിചയ സമ്പന്നനായ രവിചന്ദ്രന്‍ അശ്വിനെ ഫലപ്രദമായി ഉപയോഗിച്ചതാണ് ഏടുത്തു പറയേണ്ട മറ്റൊരു കാര്യം. മധ്യ ഓവറുകളില്‍ ടേണ്‍ അല്‍പ്പം കുറഞ്ഞപ്പോഴാണ് അശ്വിനെ കളത്തിലിറക്കിയത്.

പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള സ്പിന്നറാണ് അശ്വിന്‍. ക്യാരം ബോളുകളിലൂടെ അശ്വിന്‍ ആര്‍സിബിയെ സമ്മര്‍ദത്തിലാക്കി.

മികച്ച രീതിയില്‍ മുന്നേറിയ കാമറൂണ്‍ ഗ്രീനിനെയും തൊട്ടടുത്ത പന്തില്‍ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ് വെല്ലിനെയും പുറത്താക്കി അശ്വിന്‍ സഞ്ജുവിന്റെ പ്രതീക്ഷ കാത്തു.

ആദ്യ രണ്ടോവറില്‍ തല്ലുവാങ്ങിയ ആവേശ് ഖാന്‍ അവസാനം ആര്‍സിബിയെ എറിഞ്ഞിടുന്ന കാഴ്ചയ്ക്കാണ് നരേന്ദ്രമോദി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

അപകടകാരിയായ രജത് പാട്ടീധാറിനേയും മഹിപാല്‍ ലോംറോറിനേയും ദിനേഷ് കാര്‍ത്തിക്കിനേയും പുറത്താക്കി വലിയ സ്‌കോറിലേക്ക് പോകാതെ ആര്‍സിബിയെ പിടിച്ചുകെട്ടിയത് ആവേശാണ്.

ബാറ്റിംഗില്‍ കൃത്യമായ പദ്ധതികള്‍ സഞ്ജുവിനുണ്ടായിരുന്നു. യശസ്വി ജയ്‌സ്വാളും ടോം കോഹ് ലര്‍ കാഡ്‌മോറും ചേര്‍ന്ന് അവര്‍ക്ക് മികച്ച തുടക്കമാണ് നല്‍കിയത്.

എന്നാല്‍ ഇരുവരും പുറത്തായതിനു ശേഷം ടീമൊന്നു പതറി. സഞ്ജുവിനും കാര്യമായ പ്രകടനം നടത്താനായില്ല. 13 പന്തില്‍ 17 റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. എന്നാല്‍ പിന്നീട് വന്ന റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്‌മൈര്‍, റോവ് മാന്‍ പവല്‍ എന്നിവരുടെ അവസരോചിതമായ ബാറ്റിംഗ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഹൈദരാബാദിനെതിരേ നടക്കുന്ന രണ്ടാം ക്വാളിഫയറിലും ഇതേ മികവ് ആവര്‍ത്തിക്കുകയാണ് സഞ്ജുവിനു മുമ്പിലുള്ള വെല്ലുവിളി.

Related Articles

Back to top button