Cricket

ബിസിസിഐയെ ‘കൈവിട്ട്’ വന്‍ ബ്രാന്‍ഡുകള്‍; വരുമാനം ഇടിയും?

ലോക ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്‌പോര്‍ട്‌സ് അസോസിയേഷനുകളിലൊന്നാണ് ബിസിസിഎയും. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി കളത്തിലും പുറത്തു മോശം വാര്‍ത്തകളാണ് ബിസിസിഐയ്ക്ക് കിട്ടുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് പ്രധാന കമ്പനികളാണ് ബിസിസിഐയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ആദ്യം പേടിഎം ആയിരുന്നു കരാര്‍ അവസാനിപ്പിച്ചത്. ഇപ്പോഴിതാ ബൈജൂസും പിന്നാലെ എംപിഎല്ലും ഇന്ത്യന്‍ ക്രിക്കറ്റുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

തങ്ങള്‍ക്ക് കിട്ടിയ കരാര്‍ കില്ലര്‍ ജീന്‍സിന്റെ മാതൃ കമ്പനിയായ കേവല്‍ കിരണ്‍ ക്ലോത്തിന് ലിമിറ്റഡിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് എംപിഎല്‍ ബോര്‍ഡിന് കത്ത് കൈമാറി. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാകും. സമാനമായി ബൈജൂസും കരാര്‍ അവസാനിപ്പിക്കുകയാണ്. തിരിച്ചടി ഇവിടം കൊണ്ട് അവസാനിക്കില്ല.

ചില ഐപിഎല്‍ സ്‌പോണ്‍സര്‍മാരും പിന്മാറാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന് ഇന്‍സൈഡ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്‍ വരുമാനത്തില്‍ വലിയ കുറവു വരാന്‍ വന്‍കിട കമ്പനികളുടെ പിന്മാറ്റം കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോകമാകെ സാമ്പത്തിക മാന്ദ്യം വരുമെന്ന സൂചനകളും ക്രിക്കറ്റിന്റെ വിപണ സാധ്യത കുറയുന്നതുമാണ് മാറിചിന്തിക്കാന്‍ ബ്രാന്‍ഡുകളെ പ്രേരിപ്പിക്കുന്നത്. തുടര്‍ച്ചയായ ക്രിക്കറ്റ് മല്‍സരങ്ങള്‍ ആരാധകരെ ക്രിക്കറ്റില്‍ നിന്നും അകറ്റുന്നുവെന്ന വിലയിരുത്തല്‍ ശക്തമാണ്. അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് ഇന്ത്യന്‍ ടീമുകള്‍ മല്‍സരിക്കുന്നതടക്കം ബോര്‍ഡിന്റെ പല തീരുമാനങ്ങളും ആരാധകരെ പിന്നോട്ട് വലിക്കുന്നുണ്ട്.

Related Articles

Back to top button