Cricket

ഡികെ യുഗത്തിന് അവസാനമാകുന്നു!! ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആര്‍സിബി

\ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പരാജയപ്പെട്ടപ്പോള്‍ ഏവരും ചര്‍ച്ച ചെയ്തത് വിരാട് കോഹ് ലിയെക്കുറിച്ചാണെങ്കില്‍, അത്രത്തോളം ശ്രദ്ധ ലഭിക്കേണ്ട മറ്റൊരു താരവും മത്സരത്തില്‍ ആര്‍സിബിയ്ക്കായി കളത്തിലിറങ്ങിയിരുന്നു. മറ്റാരുമല്ല ദിനേശ് കാര്‍ത്തിക്കായിരുന്നു ആ താരം.

റോയല്‍ ചലഞ്ചേഴ്‌സിന്റെ പരാജയത്തിനു ശേഷം താരത്തിന് സഹതാരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ ഒരുക്കിയതോടെ ഐപിഎല്ലില്‍ നിന്നും ദിനേശ് കാര്‍ത്തിക് വിരമിക്കുമെന്ന സൂചനകളും ശക്തമായി.

എന്നാല്‍ താരം ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. മത്സരശേഷമുള്ള താരത്തിന്റെ ശരീരഭാഷ വിരമിക്കല്‍ സൂചന നല്‍കുന്നുവെന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ട്.

ഈ സീസണോടെ ഐപിഎല്ലില്‍ നിന്ന് വിടപറയുമെന്ന് ദിനേശ് കാര്‍ത്തിക് നേരത്തെ പറഞ്ഞിരുന്നു. ഐപിഎല്ലിന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച വീഡിയോയും ദിനേശ് കാര്‍ത്തിക്കിന്റെ വിരമിക്കല്‍ സൂചനയാണ് നല്‍കുന്നത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം കാര്‍ത്തിക് തന്റെ ഗ്ലൗസ് അഴിച്ച് ഗ്യാലറിയെ അഭിവാദ്യം ചെയ്തിരുന്നു. ആര്‍സിബിയിലെ ടീമംഗങ്ങള്‍ താരത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും ചെയ്തു.


പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ നാല് വിക്കറ്റിന്റെ പരാജയമാണ് ആര്‍സിബി ഏറ്റുവാങ്ങിയത്.

രാജസ്ഥാനെതിരായ മത്സരത്തില്‍ ഏഴാമനായി ഇറങ്ങിയ ദിനേശ് കാര്‍ത്തിക് 13 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായിരുന്നു. സീസണില്‍ മികച്ച പ്രകടനമാണ് ഫിനിഷറായ താരം കാഴ്ചവെച്ചത്.

സീസണിലെ 15 മത്സരങ്ങളില്‍ നിന്ന് 36.22 ശരാശരിയില്‍ 326 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. രണ്ട് അര്‍ധ സെഞ്ചുറിയും ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്ന് പിറന്നു.


2015 മുതല്‍ ആര്‍സിബിയുടെ താരമാണ് കാര്‍ത്തിക്. ഇതിന് പുറമെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ലയണ്‍സ്,മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളെയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്. ഐപിഎല്ലിലെ 257 മത്സരങ്ങളില്‍ നിന്ന് 4842 റണ്‍സാണ് ദിനേശ് കാര്‍ത്തിക്ക് അടിച്ചുകൂട്ടിയത്.

നേരത്തെ ഇന്ത്യയ്ക്കായി തുടര്‍ന്നും കളിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. ഇടയ്ക്ക് ട്വന്റി20 ലോകകപ്പിലേക്ക് താരത്തെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരത്തെ ഉള്‍പ്പെടുത്തിയില്ല.

Related Articles

Back to top button