FootballISL

15 വര്‍ഷം 11 ടീമുകള്‍; അമേരിക്ക വിട്ടശേഷം ശനിദശ! ബ്ലാസ്റ്റേഴ്‌സ് പുതിയ ആശാന്‍ ചില്ലറക്കാരനല്ല!!

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ച് മിക്കേല്‍ സ്റ്റാറേയുടെ നിയമനം ആരാധകരില്‍ ആവേശം ഉയര്‍ത്തിയിട്ടുണ്ട്. സീസണ്‍ തുടങ്ങുന്നതിനും വളരെ മുമ്പേ കോച്ചിനെ കണ്ടെത്താന്‍ സാധിച്ചത് മുന്നൊരുക്കങ്ങള്‍ക്ക് സഹായിക്കുമെന്ന വിലയിരുത്തലിലാണ് ആരാധകരും ടീം മാനേജ്‌മെന്റും.

സ്വീഡന്‍ സ്വദേശിയായ മിക്കേല്‍ സ്റ്റാറേ 15 വര്‍ഷം കോച്ചിംഗ് കരിയറില്‍ പൂര്‍ത്തീകരിച്ചയാളാണ്. 2007-08 സീസണില്‍ സ്വീഡിഷ് ക്ലബായ വാസ്‌ബൈ യുണൈറ്റഡില്‍ തുടങ്ങി തായ്‌ലന്‍ഡ് ലീഗില്‍ ഉത്തൈതാനി എഫ്‌സിയെ പരിശീലിപ്പിക്കുന്നതില്‍ വരെ നീണ്ട കരിയര്‍. ഇതുവരെ 11 ടീമുകളെ പരിശീലിപ്പിച്ച സ്റ്റാറേയുടെ സ്റ്റാറ്റ്‌സ് അത്യാവശ്യം ഭേദപ്പെട്ടതാണ്. 462 കളിയില്‍ നിന്ന് 203 ജയവും 112 തോല്‍വിയും 147 സമനിലയും.

വിജയശതമാനം 43.94. എന്നാല്‍ 2020നുശേഷം കോച്ചിന്റെ ഗ്രാഫ് താഴേക്കാണ്. അവസാനം കളിപഠിപ്പിച്ച തായ് ടീമിനുവേണ്ടി 25 കളിയില്‍ വെറും ഏഴില്‍ മാത്രമാണ് ജയിക്കാനായത്. 9 തോല്‍വിയും അത്രയുംതന്നെ സമനിലയുമായിരുന്നു കൂടൂതല്‍. അമേരിക്കന്‍ ലീഗിലെ ടീമായിരുന്ന സാന്‍ജോസ് എര്‍ത്ത്ക്യുക്ക് ടീമിനുവേണ്ടിയാണ് ഏറ്റവും മോശം പ്രകടനം വരുന്നത്.

2017 സീസണില്‍ 29 കളിയില്‍ ടീമിനെ പരിശീലിപ്പിച്ചപ്പോള്‍ 8 തോല്‍വിയും 17 സമനിലയും ആയിരുന്നു ഫലം. വെറും 4 ജയം മാത്രം. ഈ ക്ലബ് കോച്ചിനെ പുറത്താക്കിയത് ആരാധകരുടെ നിരന്തര പരാതിയെ തുടര്‍ന്നാണ്. പിന്നീട് വന്ന ക്ലബുകളിലൊന്നും കാര്യമായ പ്രകടനം ആവര്‍ത്തിക്കാനായില്ല.

നാല്പത്തിയെട്ടു വയസുകാരനായ സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഒരുപാട് ആകാംഷയും പ്രചോദനവും നിറഞ്ഞ ഒരു വ്യക്തിയാണ് മിക്കേല്‍ സ്റ്റാറേ. ഞങ്ങളുടെ പരിശീലകനില്‍ ഞങ്ങള്‍ തിരയുന്ന എല്ലാ ഗുണങ്ങളും ഉള്ള ഒരാള്‍. അപാരമായ അനുഭവസമ്പത്തും ശക്തമായ നേതൃത്വവും അദ്ദേഹത്തിനുണ്ട്.

സ്റ്റാറേ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ ഞങ്ങളുടെ ഒപ്പം ചേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, അദ്ദേഹത്തിന് ഒപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു

മുഖ്യ പരിശീലകനെന്നതിന് പുറമേ, 1990-2005 കാലഘട്ടത്തില്‍ ഗ്രോന്‍ഡല്‍സ്, ഹാമര്‍ബി, എഐകെ എന്നീ ക്ലബ്ബുകളുടെ യൂത്ത് ടീമിനെയും സ്റ്റാറേ പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ 2004ല്‍ എഐകെ അണ്ടര്‍ 19 ടീമിനെ ദേശീയ കിരീടത്തിലേക്ക് നയിക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകന്‍ കൂടിയാണ് മിക്കേല്‍ സ്റ്റാറേ. സ്റ്റാറേയുടെ നേതൃത്വത്തില്‍ ടീമിനു മികച്ച പ്രകടനം നടത്താനും, വരും സീസണുകളില്‍ കിരീട നേട്ടത്തിനായി മത്സരിക്കുവാനുമുള്ള പ്രചോദനം നല്‍കുവാനും സാധിക്കുമെന്ന് ക്ലബ്ബിന് വിശ്വാസമുണ്ട്. പ്രീസീസണിന്റെ തുടക്കത്തില്‍ തന്നെ മിക്കേല്‍ സ്റ്റാറേ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button