Cricket

ആ 5 റണ്‍സ് കിട്ടിയിരുന്നേല്‍ ജയിച്ചേനെ; ബംഗ്ലാദേശ് കീപ്പറുടെ രോഷം തീരുന്നില്ല!

ബംഗ്ലാദേശിനെതിരേ ഇന്ത്യ ജയിച്ചത് തെറ്റായ രീതിയിലെന്ന് ആരോപിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ നൂറുല്‍ ഹസന്‍. ബംഗ്ലാദേശ് റണ്‍സ് പിന്തുടരുന്നതിനിടെ ഉണ്ടായ ഒരു സംഭവമാണ് വലിയ അവകാശവാദമായി നൂറുല്‍ ഉയര്‍ത്തി കാട്ടിയിരിക്കുന്നത്. ഇത് കാണിച്ച് ബംഗ്ലാദേശ് ആരാധകരും രംഗത്തു വന്നിട്ടുണ്ട്. ഐസിസിയും അംപയര്‍മാരും ചേര്‍ന്ന് തങ്ങളെ തോല്‍പ്പിച്ചെന്ന പൊതുവികാരമാണ് അവര്‍ ഉയര്‍ത്തുന്നത്.

ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ ഏഴാം ഓവറിലാണ് സംഭവം. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ പന്ത് പോയിന്റ് വഴി കളിച്ച ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ട് ഓടിയെടുത്തു. അര്‍ഷദീപ് സിംഗ് ബൗണ്ടറിയില്‍ നിന്നും ത്രോ കീപ്പര്‍ക്ക് എറിയുന്ന സമയത്ത് പോയിന്റില്‍ ഫീല്‍ഡ് ചെയ്തിരുന്ന വിരാട് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് കളിയായി ത്രോ എറിയുന്നതു പോലെ കാണിച്ചു.

ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ ബംഗ്ലാദേശ് ആരാധകര്‍ പെനാല്‍റ്റി റണ്‍സ് ആവശ്യപ്പെട്ട് വരാന്‍ കാരണം. അഞ്ച് റണ്‍സ് പെനാല്‍റ്റി കിട്ടിയിരുന്നെങ്കില്‍ തങ്ങള്‍ ജയിക്കുമായിരുന്നുവെന്ന് ആരാധകര്‍ അവകാശപ്പെടുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട റണ്‍സാണ് നിഷേധിക്കപ്പെട്ടതെന്ന് നൂറുല്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

മറ്റൊരു ആരോപണം കൂടി ബംഗ്ലാദേശ് താരങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. മഴ പെയ്ത ശേഷം ഔട്ട് ഫീല്‍ഡ് പൂര്‍ണമായും ഉണങ്ങാതെയാണ് അംപയര്‍മാര്‍ കളി തുടരാന്‍ തീരുമാനിച്ചതെന്നാണ് നൂറുലിന്റെ ആക്ഷേപം. എന്നാല്‍ ഇത്തരത്തില്‍ ഗ്രൗണ്ട് പൂര്‍ണമായും ഉണങ്ങിയിരുന്നില്ലെങ്കില്‍ അത് കൂടുതലായി ബാധിക്കുക ഫീല്‍ഡ് ചെയ്യുന്ന ടീമിനെയാണ്.

ഇന്ത്യന്‍ താരങ്ങളോ ടീം മാനേജ്‌മെന്റോ ഇക്കാര്യത്തില് ഒരു പരാതി പോലും പറഞ്ഞതുമില്ല. ഫീല്‍ഡര്‍മാരുടെ കൈയില്‍ നിന്ന് പിഴവുകളുണ്ടാകാനും ബൗളര്‍മാര്‍ക്ക് പന്തില്‍ നിയന്ത്രണം നഷ്ടപ്പെടാനും ഈര്‍പ്പമുള്ളത് കാരണമാകും. ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂലമായ ഈ സാഹചര്യം പോലും ഇപ്പോള്‍ തൊറ്റായ രീതിയില്‍ ആണ് ബംഗ്ലാദേശ് ആരാധകര്‍ അവതരിപ്പിക്കുന്നത്.

Related Articles

Back to top button