Cricket

ഇന്ന് പ്രഖ്യാപിക്കുന്ന ട്വന്റി20 ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാവുമോ ? ആരാധകര്‍ക്ക് ആഹ്ലാദത്തിനു വകയുണ്ട്

ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇന്നില്ലെങ്കില്‍ അടുത്ത ദിവസം ഉണ്ടാവുമെന്നുറപ്പാണ്. കാരണം മെയ് ഒന്നാണ് ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന ദിവസം.

അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ടര്‍മാര്‍ ടൂര്‍ണമെന്റിലേക്ക് അന്താരാഷ്ട്ര മത്സര പരിചയമില്ലാത്ത കളിക്കാരെ പരീക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് സൂചന.

സ്‌ക്വാഡ് ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞു. സെലക്ടര്‍മാരും ഇന്ത്യന്‍ മാനേജ്മെന്റും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.

ഏറ്റവുമധികം മത്സരം നടക്കുന്ന വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരു വരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മലയാളികളുടെ സ്വന്തം സഞ്ജു സാംസണായി മുറവിളി കൂട്ടുകയാണ് ഒരു വിഭാഗം ആരാധകര്‍.

പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കെഎല്‍ രാഹുലിനെയും ഋഷഭ് പന്തിനെയും പിന്തള്ളി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായേക്കുമെന്നാണ് വിവരം.

കെഎല്‍ രാഹുല്‍ ഫോമിലാണെങ്കിലും ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്യുന്നത്. രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ സ്ഥാനം ഉറപ്പിച്ചവരാണ്.

ബാക്കപ്പ് കീപ്പിംഗ് ഓപ്ഷനുകള്‍ രാഹുലോ പന്തോ ആകാം. പക്ഷേ അത് സംഭവിക്കണമെങ്കില്‍, ഇന്ത്യക്ക് ശിവം ദുബെ, റിങ്കു സിംഗ് എന്നിവരില്‍ ഒരാളെ അല്ലെങ്കില്‍ ഒരു ബാക്കപ്പ് പേസറെ ഒഴിവാക്കേണ്ടിവരും.

പവര്‍ഹിറ്റിംഗ് ബാക്കപ്പ് വേണമോ, ബാക്കപ്പ് കീപ്പിംഗ് അല്ലെങ്കില്‍ പേസ് ബോളിംഗ് ബാക്കപ്പ് വേണമോ എന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കണം. എന്തായാലും മോശം ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യ ടീമിലുണ്ടാവുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

Related Articles

Back to top button