Cricket

അന്ന് ഇംഗ്ലണ്ടിനെ നാണംകെടുത്തി ഓറഞ്ചുകാര്‍; ഇന്ത്യ കരുതിയിരിക്കണം കൗണ്ടി ഗ്രൂപ്പിനെ!!

നെതര്‍ലന്‍ഡ്‌സിനെതിരേ രണ്ടാം മല്‍സരത്തിന് ഇറങ്ങുന്ന ഇന്ത്യ ചില പരീക്ഷണങ്ങള്‍ക്ക് മുതിരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. നെതര്‍ലന്‍ഡ്‌സ് ചെറിയ ടീമാണെന്ന ധാരണയിലാണ് ഹര്‍ദിക് പാണ്ഡ്യയെ പുറത്തിരുത്തി ദീപക് ഹൂഡയ്ക്ക് അവസരം നല്‍കാന്‍ രാഹുല്‍ ദ്രാവിഡ് ഒരുങ്ങുന്നത്. എന്നാല്‍ കരുതും പോലെ അത്ര നിസാരരല്ല ഡച്ചുകാര്‍.

സാക്ഷാല്‍ ഇംഗ്ലണ്ടിനെ വെറും 88 റണ്‍സിന് ഓള്‍ഔട്ടാക്കി തോല്‍പ്പിച്ച ചരിത്രം അവര്‍ക്കുണ്ട്. ഒരിക്കലല്ല, ലോകകപ്പില്‍ രണ്ടു തവണ ഇംഗ്ലണ്ടിനെ ഡച്ചുകാര്‍ വീഴ്ത്തിയിട്ടുണ്ട്. 2009ലും 2014ലും. കറുത്ത കുതികളെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്ന സംഘമാണ് ഓറഞ്ചുകാരുടേത്.

2014 ലോകകപ്പിലാണ് ലോര്‍ഡ്‌സില്‍ ഡച്ചുകാര്‍ ഇംഗ്ലണ്ടിനെ രണ്ടാംതവണ കെട്ടുകെട്ടിച്ചത്. അന്നത്തെ അമേച്വര്‍ നിരയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സ് കൂടുതല്‍ ശക്തരാകുകയാണ് ചെയ്തത്. ടീമിലെ താരങ്ങളെല്ലാം പ്രെഫഷണല്‍ ക്രിക്കറ്റര്‍മാരാണ്. അന്നത്തെ അവസ്ഥയില്‍ നിന്ന് ഡച്ചുകാര്‍ ഏറെ മുന്നേറി. നിസാരക്കാരെന്ന് കണ്ട് പോരാട്ടത്തിനിറങ്ങിയാല്‍ പണി കിട്ടുമെന്ന് ചുരുക്കം.

ഈ വര്‍ഷം സ്വന്തം നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ പാക്കിസ്ഥാനെ വിറപ്പിക്കാനും ഡച്ചുകാര്‍ക്ക് സാധിച്ചിരുന്നു. ഇംഗ്ലീഷ് കൗണ്ടിയില്‍ പ്രെഫഷണല്‍ ക്രിക്കറ്റ് കളിക്കുന്ന താരങ്ങളാണ് നെതര്‍ലന്‍ഡ്‌സിന്റെ കരുത്ത്. ഏതു പ്രതികൂല സാഹചര്യങ്ങളും നേരിട്ട ചരിത്രം അവര്‍ക്കുണ്ട്. ഈ ലോകകപ്പില്‍ അവര്‍ കാഴ്ച്ചവച്ച പോരാട്ടവീര്യവും കണ്ടില്ലെന്ന് നടിക്കരുത്. ഡച്ചുകാരുടെ യുവതാരങ്ങളെല്ലാം കഴിവുള്ളവരാണ്.

2014 ലെ ലോകകപ്പില്‍ ഒരു ശതമാനം പോലും വിജയസാധ്യത കല്‍പ്പിക്കപ്പെടാതെയാണ് ഇംഗ്ലണ്ടിനെ നേരിടാന്‍ ഡച്ചുകാര്‍ ഇറങ്ങിയത്. ആദ്യം ബാറ്റുചെയ്ത നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ 133 റണ്‍സെടുത്തപ്പോള്‍ എല്ലാവരും ഇംഗ്ലണ്ടിന് ഈസി വാക്കോവര്‍ കല്‍പ്പിച്ചു നല്‍കി.

എന്നാല്‍ ഫീല്‍ഡിംഗില്‍ ഡച്ചുകാര്‍ ഞെട്ടിച്ചു. അലക്‌സ് ഹെയ്ല്‍സും ജോസ് ബട്‌ലറും മോയീന്‍ അലിയും ക്രിസ് ജോര്‍ദാനുമൊക്കെ അടങ്ങിയ ഇംഗ്ലീഷ് നിരയെ വെറും 88 റണ്‍സിലാണ് അവര്‍ എറിഞ്ഞിട്ടത്. അന്ന് ഡച്ച് നിരയില്‍ ഉണ്ടായിരുന്ന ബെന്‍ കൂപ്പര്‍, ലോഗന്‍ വാന്‍ വിക്ക്, ടിം വാന്‍ ഗൂട്ടെന്‍ എന്നിവരെല്ലാം ഇപ്പോഴും ടീമിലുണ്ട്. കരുതി കളിക്കാനിറങ്ങിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് ചിലപ്പോള്‍ ഷോക്ക് കിട്ടിയേക്കാം. കാരണം ഇത് ട്വന്റി-20യാണ്. ഇതില്‍ എന്തും സംഭവിക്കും.

 

Related Articles

Back to top button