Cricket

എടാ മോനേ…അങ്ങോട്ട് കാമറ തിരിക്കെടാ !! കാമറാമാനു നേരെ വെള്ളക്കുപ്പിയോങ്ങി ധോണി; വീഡിയോ വൈറല്‍

ഐപിഎല്ലില്‍ ഗാലറികളില്‍ ഏറ്റവും ആരവുമുണ്ടാവുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരങ്ങളിലാണ്. ഇതിഹാസ താരം എം എസ് ധോണിയുടെ സാന്നിദ്ധ്യമാണ് ഈ ആരവങ്ങള്‍ക്ക് പിന്നില്‍.

ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ എന്നല്ല ഏതു ഗ്രൗണ്ടിലും ഇന്നും ധോണി തന്നെയാണ് താരം. അതിനാല്‍ തന്നെ എല്ലായിടത്തും താരത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

ധോണിയാവട്ടെ ആരാധകരെ തെല്ലും നിരാശരാക്കാറുമില്ല. ചുരുങ്ങിയ അവസരത്തില്‍ബാറ്റിംഗില്‍ വെടിക്കെട്ട് തീര്‍ത്താണ് 42കാരന്‍ മടങ്ങുന്നത്. മുമ്പത്തേതിലും നന്നായി ഇന്നിംഗ്‌സ് ഫിനിഷ് ചെയ്യാനും ധോണിക്ക് സാധിക്കുന്നു.

ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെതിരായ മത്സരത്തില്‍ അവസാന പന്തില്‍ മാത്രമാണ് ധോണിക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. ആ പന്ത് ധോണി ബൗണ്ടറി കടത്തുകയും ചെയ്തു.

എന്നാല്‍ അതിന് മുമ്പ് ധോണിയെ സ്‌ക്രീനില്‍ കാണിച്ചിരുന്നു. റുതുരാജ് ഗെയ്കവാദ് – ശിവം ദുബെ സഖ്യം ബാറ്റ് ചെയ്യുമ്പോഴായിരുന്നു അത്. രണ്ട് പേരും തകര്‍ത്തടിക്കുമ്പോള്‍ ധോണി സ്‌ക്രീനില്‍ തെളിഞ്ഞു.

കാമറയില്‍ ധോണിയെ കാണിക്കുന്ന ദൃശ്യമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആ സമയത്ത് കാമറയില്‍ നോക്കി കുപ്പികൊണ്ട് എറിയുന്നത് പോലെ ധോണി കാണിക്കുകയും ചെയ്തു. തുടര്‍ച്ചയായി ധോണിയെ ടെലിവിഷനില്‍ കാണിച്ചപ്പോഴാണ് ധോണി തമാശ രീതിയില്‍ ഇത്തരത്തില്‍ കാണിച്ചത്.


മത്സരത്തില്‍ ചെന്നൈ ആറു വിക്കറ്റിന്റെ പരാജയം ഏറ്റു വാങ്ങിയിരുന്നു. റിതുരാജ് ഗെയ്ക് വാദ് ചെന്നൈയ്ക്കായി സെഞ്ചുറി നേടിയ മത്സരത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ സെഞ്ചുറിയിലൂടെയായിരുന്നു ലഖ്‌നൗ വിജയം കൈപ്പിടിയിലൊതുക്കിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 211 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ശേഷിക്കെയാണ് സന്ദര്‍ശകര്‍ മറികടന്നത്.

56 പന്തില്‍ സെഞ്ചുറി നേടിയ സ്റ്റോയ്നിസ് 63 പന്തില്‍ 124 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 15 പന്തില്‍ 34 റണ്‍സെടുത്ത നിക്കോളാസ് പുരാനും ആറ് പന്തില്‍ പുറത്താകാതെ 17 റണ്‍സുമായി ദീപക് ഹൂഡയും ലഖ്നൗവിന്റെ വിജയത്തില്‍ നിര്‍ണായകമായി.

Related Articles

Back to top button