Cricket

ഐപിഎല്‍ താരലേലം യൂറോപ്പില്‍ വച്ച്? വമ്പന്‍ നീക്കം!!

ക്രിക്കറ്റ് ലോകത്തെ പണക്കൊഴുപ്പിന്റെ മേളയായ ഐപിഎല്ലില്‍ വീണ്ടും ഞെട്ടിക്കാന്‍ ബിസിസിഐ. ഡിസംബറില്‍ നടക്കുന്ന മിനി താരലേലം ഇന്ത്യയ്ക്ക് വെളിയില്‍ വച്ച് നടത്താനാണ് അധികൃതര്‍ പദ്ധതിയിടുന്നതെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിനെ വേദിയായി തെരഞ്ഞെടുത്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുര്‍ക്കിയില്‍ ക്രിക്കറ്റ് ഒരു വലിയ കായിക ഇനം പോലുമല്ല. എന്നിട്ടും തുര്‍ക്കിയിലേക്ക് താരലേലം കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാണ്. ഐപിഎല്ലിനെ ഒരു ആഗോള ബ്രാന്‍ഡാക്കി എടുക്കുകയെന്ന തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് ഈ നീക്കം. കൂടുതല്‍ വരുമാനം ഉറപ്പിക്കാന്‍ പുതിയ മാര്‍ക്കറ്റുകള്‍ കണ്ടെത്താന്‍ ഇതുവഴി സാധിക്കും.

ഇസ്താംബൂളിന്റെ കാര്യത്തില്‍ ഇതുവരെ 100 ശതമാനം ഉറപ്പ് വന്നിട്ടില്ല. തുര്‍ക്കിയിലേക്ക് താരലേലം പോയില്ലെങ്കില്‍ ബെംഗളൂരുവിലായിരിക്കും നടക്കുക. ക്രിക്കറ്റിനെ പരമാവധി വാണിജ്യവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ബിസിസിഐ നീങ്ങുന്നത്. ഇതിന്റെ ഭാഗമായി സീസണില്‍ രണ്ടാമതൊരു ഐപിഎല്‍ കൂടി ഭാവിയില്‍ വന്നാലും അത്ഭുതപ്പെടാനില്ല.

Related Articles

Back to top button