Cricket

ഗ്രൂപ്പ് ഒന്നില്‍ എന്തും സംഭവിക്കും; നെഞ്ചിടിപ്പ് ഓസ്‌ട്രേലിയയ്ക്ക്!!

ഐസിസി ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ എന്തും സംഭവിക്കുമെന്ന അവസ്ഥ. ശ്രീലങ്കയെ തോല്‍പ്പിച്ചെങ്കിലും ഓസ്‌ട്രേലിയയുടെ കാര്യം തന്നെയാണ് ഏറ്റവും പ്രതിസന്ധിയില്‍ നില്‍ക്കുന്നത്. രണ്ടില്‍ ഒരെണ്ണം ജയിച്ചെങ്കിലും കങ്കാരുക്കള്‍ക്ക് കാര്യങ്ങള്‍ കടുകട്ടിയാണ്. ആദ്യ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനോട് ദയനീയ തോല്‍വിയേറ്റ് വാങ്ങിയതാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്.

ഈ ഗ്രൂപ്പില്‍ നിന്നും നാലു ടീമുകള്‍ക്കും സാധ്യത നിലനില്‍ക്കുന്നുണ്ട്. ന്യൂസിലന്‍ഡ്, ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളാണ് മരണഗ്രൂപ്പിലുള്ളത്. ഈ നാലു ടീമുകളും ഓരോ ജയവുമായി ഒപ്പത്തിനൊപ്പമാണ്. നെറ്റ് റണ്‍റേറ്റില്‍ പക്ഷേ കിവികള്‍ ഏറെ മുന്നിലാണ്. കങ്കാരുക്കള്‍ വളരെ പിന്നിലും. ഓസ്‌ട്രേലിയയ്ക്ക് ശക്തരായ ഇംഗ്ലണ്ടിനെ നേരിടാനുണ്ടെന്നതും അവരുടെ ഉറക്കം കെടുത്തുന്നുണ്ട്.

ഗ്രൂപ്പില്‍ ഏറ്റവും പ്രശ്‌നത്തിലുള്ളതും ആരോണ്‍ ഫിഞ്ചും സംഘവുമാണ്. ഇനിയുള്ള മല്‍സരങ്ങളില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും കൂടുതല്‍ മല്‍സരങ്ങള്‍ തോറ്റെങ്കില്‍ മാത്രമേ ഫിഞ്ചിന്റെ കുട്ടികള്‍ക്ക് സെമി പ്രതീക്ഷ നിലനിര്‍ത്താനാകൂ. ഇതിനിടെ തങ്ങളുടെ റണ്‍റേറ്റ് വര്‍ധിപ്പിക്കുകയും വേണം. നിലവിലെ അവസ്ഥയില്‍ എല്ലാ കണക്കുകളും ഓസ്‌ട്രേലിയയ്ക്ക് പ്രതികൂലമാണ്.

അക്ഷരാര്‍ത്ഥത്തില്‍ മരണഗ്രൂപ്പാണ് ഗ്രൂപ്പ് ഒന്ന് എന്ന് ഉറപ്പായും പറയാം. ശ്രീലങ്കയുടെ അപ്രവചനീയമായ കളി തന്നെയാണ് മറ്റ് ടീമുകളും വലയ്ക്കുന്ന ഘടകങ്ങളിലൊന്ന്. ന്യൂസിലന്‍ഡും ഇംഗ്ലണ്ടുമാണ് ഇനി ലങ്കയുമായി കളിക്കാനുള്ള ടീമുകള്‍. ഈ കളികളില്‍ ഒന്നിലെങ്കിലും ലങ്ക ജയിച്ചാല്‍ അത് ഓസീസിനും ഗുണം ചെയ്യും. എന്തായാലും കാര്യങ്ങള്‍ വ്യക്തമാകാന്‍ ചിലപ്പോള്‍ അവസാന മല്‍സരം വരെ കാത്തിരിക്കേണ്ടി വരും.

Related Articles

Back to top button