Cricket

സൂപ്പര്‍മാനായി ഡേവിഡ് വീസ് !! സൂപ്പര്‍ ഓവറില്‍ ഒമാനെ തകര്‍ത്ത് നമീബിയ

ഈ ലോകകപ്പിലെ ആദ്യ സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ നമീബിയയ്ക്ക് വിജയം. ഗ്രൂപ്പ് ബിയില്‍ ഒമാനെതിരേയായിരുന്നു നമീബിയ ആവേശകരമായ വിജയം സ്വന്തമാക്കിയത്.

ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നമീബിയ ഒമാനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എന്നാല്‍ നമീബിയന്‍ ബൗളര്‍മാരുടെ മാരക ബൗളിംഗ് അവരെ തകര്‍ക്കുകയായിരുന്നു.

ഇന്നിംഗ്‌സിലെ ആദ്യ രണ്ടു പന്തുകളില്‍ തന്നെ രണ്ടു വിക്കറ്റ് നഷ്ടമായ അവര്‍ക്ക് പിന്നീട് തിരിച്ചു വരാനായില്ല. 19.4 ഓവറില്‍ 109 റണ്‍സിന് അവര്‍ പുറത്താവുകയായിരുന്നു.

നാലു വിക്കറ്റ് വീഴ്ത്തിയ റൂബന്‍ ട്രംപല്‍മാനും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വീസും ചേര്‍ന്നാണ് അവരെ തകര്‍ത്തത്. ക്യാപ്റ്റന്‍ ജെറാഡ് ഇറാസ്മസ് രണ്ടു വിക്കറ്റ് നേടി. ബെര്‍ണാര്‍ഡ് ഷൂള്‍സ് ഒരു വിക്കറ്റ് നേടി.

ഒമാനായി ഖാലിദ് കാലി(34), സീഷന്‍ മഖ്‌സൂദ്(22), അയാന്‍ ഖാന്‍(15),ഷക്കീല്‍ അഹമ്മദ്(11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.

മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയയുടെ ബാറ്റിംഗിലെ മെല്ലെപ്പോക്കാണ് അവര്‍ക്ക് തിരിച്ചടിയായത്.

ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ മൈക്കല്‍ വാന്‍ ലിംഗനെ നഷ്ടമായപ്പോള്‍ ഒത്തു ചേര്‍ന്ന നിക്കോളാസ് ഡേവിന്‍(31 പന്തില്‍ 24)-ജാന്‍ ഫ്രൈലിങ്ക്(48 പന്തില്‍ 45 റണ്‍സ്) സഖ്യം അവരെ മുമ്പോട്ടു നയിച്ചെങ്കിലും മെല്ലെപ്പോക്ക് തിരിച്ചടിയായി. ജെറാഡ് ഇറാസ്മസാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റര്‍. 16 പന്തില്‍ 13 റണ്‍സായിരുന്നു ഇറാസ്മസിന്റെ സമ്പാദ്യം.

അവസാന ഓവറിലെ അവസാന പന്തില്‍ വിജയലക്ഷ്യം രണ്ടു റണ്‍സായിരുന്നു. എന്നാല്‍ പന്ത് ബാറ്റില്‍ കൊള്ളിക്കുന്നതില്‍ പരാജയപ്പെട്ട ഡേവിഡ് വീസ് സിംഗിള്‍ പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാം റണ്ണിനായുള്ള ഓട്ടത്തില്‍ ക്രുഗര്‍ റണ്ണൗട്ടായതോടെ കളി ടൈയാവുകയായിരുന്നു.

തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ഡേവിഡ് വീസും ജെറാഡ് ഇറാസ്മസുമാണ് നമീബിയയ്ക്കായി ബാറ്റിംഗിനിറങ്ങിയത്. ബിലാല്‍ ഖാനായിരുന്നു ബൗളര്‍.

ആദ്യ പന്തില്‍ ബൗണ്ടറി നേടിയ വീസ് രണ്ടാം പന്ത് സിക്‌സറിനു പറത്തി, മൂന്നാം പന്തില്‍ ഡബിള്‍ പൂര്‍ത്തിയാക്കിയ വീസ് നാലാം പന്തില്‍ സിംഗിളെടുത്തു. തുടര്‍ന്നെത്തിയ ഇറാസ്മസ് അടുത്ത രണ്ടു ബോളും ഫോറടിച്ചതോടെ ഒമാനു മുമ്പില്‍ വിജയലക്ഷ്യം 22 റണ്‍സ് ആയി.

തുടര്‍ന്ന് ഡേവിഡ് വീസ് തന്നെയാണ് നമീബിയയ്ക്കായി സൂപ്പര്‍ ഓവറില്‍ ബൗള്‍ ചെയ്തത്. ആദ്യ ബോളില്‍ ഡബിള്‍ ഓടിയെടുത്ത നസീം ഖുഷിയ്ക്ക് രണ്ടാം ബോളില്‍ റണ്ണെടുക്കാനായില്ല. മൂന്നാം പന്തില്‍ ഖുഷിയെ ബൗള്‍ഡാക്കി വീസ് നമീബിയയ്ക്ക് ഏറെക്കുറെ വിജയം ഉറപ്പാക്കി.

നാലാം പന്തിലും അഞ്ചാം പന്തിലും ഓരോ റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. അവസാന പന്ത് അഖ്വിബ് സിക്‌സറിനു പറത്തിയെങ്കിലും അപ്പോഴേക്കും നമീബിയ മത്സരം വിജയിച്ചു കഴിഞ്ഞിരുന്നു. ഡേവിഡ് വീസാണ് കളിയിലെ താരം.

Related Articles

Back to top button