Cricket

അഫ്ഗാനിസ്ഥാനെ നിലംപരിശാക്കി ദക്ഷിണാഫ്രിക്ക ഫൈനലില്‍ !! ചരിത്രത്തിലാദ്യം

ഒടുവില്‍ ആ ദിനം വന്നെത്തി, മഹാരഥന്മാര്‍ക്ക് കഴിയാഞ്ഞ കാര്യം എയ്ഡന്‍ മാര്‍ക്രവും സംഘവും യാഥാര്‍ഥ്യമാക്കിയിരിക്കുന്നു.

അഫ്ഗാനിസ്ഥാനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് തികച്ചും ആധികാരികമായ രീതിയിലാണ് അഫ്ഗാനിസ്ഥാന്റെ ട്വന്റി20 ലോകകപ്പ് ഫൈനല്‍ പ്രവേശം.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 11.5 ഓവറില്‍ വെറും 56 റണ്‍സിന് എറിഞ്ഞിട്ട പ്രോട്ടിയാസ് വെറും 8.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ട്രിനിഡാഡിലെ ബ്രയാന്‍ലാറ സ്റ്റേഡിയത്തില്‍ പച്ചിന്റെ സ്വഭാവം മനസ്സിലാക്കാതെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തതാണ് അഫ്ഗാനിസ്ഥാന് തിരിച്ചടിയായത്.

ആദ്യ ഓവറിലെ അവസാന പന്തില്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ റണ്ണെടുക്കും മുമ്പേ പുറത്താക്കി മാര്‍ക്കോ യാന്‍സന്‍ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു.

പിന്നീടങ്ങോട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. 28 റണ്‍സ് നേടുന്നതിനിടെ അവര്‍ക്ക് ആറു വിക്കറ്റ് നഷ്ടമായി.

എന്നാല്‍ കരിം ജന്നത്തും ക്യാപ്റ്റന്‍ റഷീദ് ഖാനും ചേര്‍ന്ന് 22 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ അവരുടെ സ്‌കോര്‍ 50ന് ആറ് എന്ന നിലയിലേക്ക് ഉയര്‍ന്നു.

എന്നാല്‍ അത് താല്‍ക്കാലികം മാത്രമായിരുന്നു. അതേ സ്‌കോറില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ കൂടി അഫ്ഗാന് നഷ്ടമായി. ഒടുവില്‍ 56ന് ഓള്‍ഔട്ട്.

10 റണ്‍സ് നേടിയ അസ്മത്തുള്ള ഒമര്‍സായിക്കു മാത്രമാണ് അഫ്ഗാന്‍ നിരയില്‍ രണ്ടക്കം കാണാനായത്.

ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ യാന്‍സന്‍, ടബ്രേസ് ഷംസി എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും കഗിസോ റബാഡ, ആന്‍ റിച്ച് നോര്‍ക്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

57 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തില്‍ ചെറുതായി ഒന്നു പേടിപ്പിക്കാന്‍ അഫ്ഗാനായി. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ക്വിന്റണ്‍ ഡി കോക്കിനെ ഫസല്‍ഹഖ് ഫറൂഖി ബൗള്‍ഡാക്കുകയായിരുന്നു. അഞ്ചു റണ്‍സായിരുന്നു ഡികോക്കിന്റെ സമ്പാദ്യം.

എന്നാല്‍ റീസാ ഹെന്‍ട്രിക്‌സ്(29),എയ്ഡന്‍ മാര്‍ക്രം(23) എന്നിവര്‍ ചേര്‍ന്ന് അധികം വിക്കറ്റ് നഷ്ടമില്ലാതെ പ്രോട്ടിയാസിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ഇതോടെ ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായി ഏറ്റവുമധികം വിജയം എന്ന റെക്കോഡിനൊപ്പമെത്താനും ദക്ഷിണാഫ്രിക്കയ്ക്കായി. തുടര്‍ച്ചയായ എട്ടാം വിജയമാണ് അവര്‍ ഇന്ന് നേടിയത്.

ട്വന്റി20യില്‍ ബോള്‍ അവശേഷിപ്പിച്ച് ദക്ഷിണാഫ്രിക്ക നേടുന്ന ഏറ്റവും മികച്ച വിജയം കൂടിയാണിത്. 67 പന്തുകള്‍ അവശേഷിപ്പിച്ചാണ് അവര്‍ വിജയത്തിലെത്തിയത്.

ചരിത്രത്തിലാദ്യമായാണ് ഐസിസി ലോകകപ്പിന്റെ സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്ക വിജയിക്കുന്നത്. ഇതിനു മുമ്പുള്ള ഏഴു ലോകകപ്പില്‍ ആറിന്റെയും സെമിയില്‍ തോറ്റ അവര്‍ 1999ല്‍ ഓസ്‌ട്രേലിയയോട് ഹൃദയഭേദകമായ സമനില വഴങ്ങിയാണ് പുറത്തായത്.

മൂന്നോവറില്‍ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മാര്‍ക്കോ യാന്‍സനാണ് സെമിഫൈനലിലെ താരം. ഇന്ന് വൈകിട്ട് നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളാണ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.

Related Articles

Back to top button