Cricket

ആ സൂപ്പര്‍ താരത്തിന്റെ വീഡിയോകളാണ് എന്നെ സഹായിച്ചത്!! പുതിയ ബാറ്റിംഗ് സെന്‍സേഷന്‍ ആരോണ്‍ ജോണ്‍സിന്റെ തുറന്നു പറച്ചില്‍…

ട്വന്റി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തോടു കൂടി താരമായ ആളാണ് യുഎസ്എയുടെ വെടിക്കെട്ട് ബാറ്റര്‍ ആരോണ്‍ ജോണ്‍സ്. കാനഡയ്‌ക്കെതിരായ മത്സരത്തില്‍ 40 പന്തില്‍ പുറത്താകാതെ 90 റണ്‍സ് നേടിയ താരം നിരവധി റെക്കോഡുകളും കടപുഴക്കിയിരുന്നു. പത്തു സിക്‌സറുകളാണ് മത്സരത്തില്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പറന്നത്.

അതേ സമയം ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെക്കുറിച്ച് ജോണ്‍സ് മുമ്പു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. അദ്ദേഹത്തിന്റെ പഴയ ട്വീറ്റുകള്‍ ആരാധകര്‍ കുത്തിപ്പൊക്കുകയായിരുന്നു.

ഒരു ട്വീറ്റില്‍, താന്‍ കോഹ്ലിയുടെ ബാറ്റിംഗ് വീഡിയോകള്‍ കാണുകയാണെന്നു പറഞ്ഞ ജോണ്‍സ് മറ്റൊന്നില്‍ ഇന്ത്യന്‍ ബാറ്ററെ ചാമ്പ്യനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

” വിരാട് കോഹ്ലിയുടെ ചില വീഡിയോകള്‍ കാണുന്നത് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്” ജോണ്‍സ് പറഞ്ഞു. ”വിരാട് കോഹ്ലി ഒരു ചാമ്പ്യനാണ്’ എന്നായിരുന്നു മറ്റൊരു ട്വീറ്റ്.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രചോദനമാണ് വിരാട് കോലി. ലോകത്ത് സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ക്രിക്കറ്റ് താരവും കോഹ് ലി തന്നെയാണ്.

അടുത്തിടെ ഏകദിന ക്രിക്കറ്റില്‍ അദ്ദേഹം 50 സെഞ്ചുറികള്‍ തികച്ചിരുന്നു. അതേ സമയം ഈ ലോകകപ്പില്‍ ഒരു വെടിയ്ക്കുള്ള മരുന്നുമായാണ് യുഎസ്എ ടീം ഇറങ്ങിയിരിക്കുന്നത്.

ആദ്യ മത്സരത്തില്‍ കാനഡയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച അവര്‍ എതിരാളികള്‍ക്ക് അപായ സൂചന നല്‍കിക്കഴിഞ്ഞു. 195 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന അവര്‍ 14 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയിച്ചത് എന്നത് നിസ്സാരമായി കണ്ടുകൂടാ.

വരുന്ന മത്സരങ്ങളില്‍ പാക്കിസ്ഥാനും ഇന്ത്യയ്ക്കും എതിരേ കളത്തിലിറങ്ങാന്‍ തങ്ങള്‍ക്ക് യാതൊരു ആശങ്കയുമില്ലെന്ന് യുഎസ്എ ക്യാപ്റ്റന്‍ മോനാങ്ക് പട്ടേല്‍ വ്യക്തമാക്കിക്കഴിഞ്ഞു. ആറിനാണ് പാക്കിസ്ഥാനെതിരായ മത്സരം. 12ന് ഇന്ത്യയെ നേരിടും. യുഎസ്എ ടീമിലെ പകുതി താരങ്ങളും ഇന്ത്യന്‍ വംശജരാണെന്ന പ്രത്യേകതയുമുണ്ട്.

Related Articles

Back to top button