Cricket

ക്യാച്ചെടുക്കാന്‍ നോക്കിയില്ല !! പന്തിനെ ചീത്ത വിളിച്ച് രോഹിത് ശര്‍മ; വീഡിയോ

ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍ പ്രവേശിച്ചിരുന്നു.

സെമിയില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. സെന്റ് ലൂസിയയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയുടെ (41 പന്തില്‍ 92) ഇന്നിംഗ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനാണ് സാധിച്ചത്. 43 പന്തില്‍ 76 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് നേടി.

ഹെഡ് ഒഴികെ മിച്ചല്‍ മാര്‍ഷ് (28 പന്തില്‍ 37) മാത്രമാണ് ഓസീസ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.

കുല്‍ദീപ് യാദവിന്റെ പന്തില്‍ ബൗണ്ടറി ലൈനില്‍ അത്യുഗ്രന്‍ ക്യാച്ചിലൂടെ അക്ഷര്‍ പട്ടേലാണ് മാര്‍ഷിനെ പുറത്താക്കിയത്.

എന്നാല്‍ മാര്‍ഷിനെ നേരത്തെ പുറത്താക്കാനുള്ള അവസരം ഇന്ത്യക്കുണ്ടായിരുന്നു. രണ്ടാം ഓവറില്‍ തന്നെ. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച മാര്‍ഷിന് പിഴച്ചു. പന്ത് ഗ്ലൗവില്‍ തട്ടി പൊങ്ങിയെങ്കിലും ക്യാച്ചെടുക്കാനുള്ള അവസരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പാഴാക്കുകയായിരുന്നു.


പന്തിന് ഓടിയെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഡൈവ് ചെയ്തിരുന്നെങ്കില്‍ പന്ത് കൈപ്പിടിയിലൊതുക്കാമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അതിനു ശ്രമിച്ചില്ല.


ഇതോടെയാണ് രോഹിത്തിന് കലി കയറിയത്. താരത്തെ ചീത്ത വിളിച്ച് രോഹിത് രംഗത്തെത്തുകയായിരുന്നു. എന്തായാലും മത്സരം ഇന്ത്യ വിജയിച്ചതോടെ അതത്ര ചര്‍ച്ചയായില്ല.

ഇന്ന് അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെ ഓസ്‌ട്രേലിയ സെമികാണാതെ പുറത്താവുകയും ചെയ്തു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെയും നേരിടും.

Related Articles

Back to top button