Cricket

ലോകകപ്പ് നേടിയില്ലെങ്കിലും കുഴപ്പമില്ല ഇന്ത്യയോടു തോല്‍ക്കരുത്!! മുന്‍ താരം പറഞ്ഞ കാര്യം വെളിപ്പെടുത്തി റിസ്വാന്‍

ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടങ്ങള്‍ എക്കാലവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് ഇരുടീമുകളും ലോകകപ്പ് പോലുള്ള വേദികളില്‍ മുഖാമുഖം വരുമ്പോള്‍ ആവേശം ഇരട്ടിക്കും.

ട്വന്റി20 ലോകകപ്പില്‍ ജൂണ്‍ ഒമ്പതിന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനായി ആവേശപൂര്‍വം കാത്തിരിക്കുകയാണ് ആരാധകരെല്ലാം.

ഇരു രാജ്യങ്ങളും തമ്മില്‍ വൈരം നിലനില്‍ക്കുന്നതിനാല്‍ ഒരു ജയം എന്നതിലുപരി അത് അഭിമാനത്തിന്റെ കൂടി പോരാട്ടമായി പലരും ഇതിനെ കാണുന്നുണ്ട്.

2021ലെ ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നതിന് മുമ്പ്, മുന്‍ താരം റമീസ് രാജ ഇന്ത്യയോട് തോല്‍ക്കരുതെന്ന് ടീമിനോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നുവെന്ന് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

‘ഇന്ത്യയും പാകിസ്ഥാനും എപ്പോഴും സമ്മര്‍ദ്ദം ചെലുത്തുന്നു. എല്ലാ രാജ്യത്തുനിന്നും ആളുകള്‍ ഈ മത്സരം കാണുന്നുണ്ട്. 2021 ട്വന്റി20 ലോകകപ്പില്‍ ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍, ഞങ്ങള്‍ പാകിസ്ഥാനിലേക്ക് മടങ്ങുന്നത് വരെ ഇത് ഇത്ര വലിയ കാര്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നില്ല.

ഞങ്ങള്‍ ഷോപ്പിംഗിന് പോകുമ്പോള്‍ ആളുകള്‍ ഞങ്ങളില്‍ നിന്ന് പണം വാങ്ങിയില്ല. നിങ്ങള്‍ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും കുഴപ്പമില്ല, ഇന്ത്യയോട് തോല്‍ക്കരുതെന്നാണ് റമീസ് രാജ ഞങ്ങളോട് പറഞ്ഞത്. ഒരു പരിപാടിക്കിടെയായിരുന്നു റിസ്വാന്റെ ഈ വെളിപ്പെടുത്തല്‍.

ലോകകപ്പ് വേദികളില്‍ ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന്റെ ആദ്യ ജയമായിരുന്നു അത്. മൊത്തത്തില്‍ ലോകകപ്പ് വേദികളില്‍ ഇരു ടീമുകളും ഏഴു തവണ ഏറ്റുമുട്ടിയപ്പോള്‍ ആറിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ തോല്‍വി ഉറപ്പിച്ചിടത്തു നിന്ന് വിരാട് കോഹ് ലി അവിശ്വസനീയമായ ബാറ്റിംഗിലൂടെ വിജയം പിടിച്ചെടുക്കുന്നത് നോക്കി നില്‍ക്കാനേ പാക്കിസ്ഥാന് കഴിഞ്ഞുള്ളൂ.

ജൂണ്‍ ഒമ്പതിനു നടക്കുന്ന ഇന്ത്യ-പാക് പോരാട്ടം മറ്റൊരു ത്രില്ലറാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ം.

Related Articles

Back to top button